കോട്ടയം: അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും യുവാവ് മുങ്ങിയതു രണ്ടെണ്ണം അകത്താക്കാൻ. കള്ള് കിട്ടിയതോടെ യുവാവിന്റെ നിയന്ത്രണംവിട്ടു.
മൂക്കറ്റം മദ്യപിച്ചു കയ്യിലെ കാശ് തീർന്നതോടെ കുടുങ്ങിയപ്പോയ യുവാവിനെ ഒടുവിൽ ആരോഗ്യവകുപ്പ് അധികൃതർ ആംബുലൻസിൽ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ചു. ക്വാറന്റൈൻ നിർദേശം ലംഘിച്ച ഇയാൾക്കെതിരെ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തേക്കും.
വടവാതൂരിൽ വാടകയ്ക്കു താമസിക്കുന്ന യുവാവാണ് ഏതാനും ദിവസങ്ങൾക്കു മുന്പ് വിദേശത്ത് നിന്നുമെത്തിയത്. ഇയാൾ അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ക്വാറന്റൈൻ ദിനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് രണ്ടെണ്ണം അടിക്കാൻ ഇയാൾക്ക് ആഗ്രഹം തോന്നിയത്.
പലവഴി ശ്രമിച്ചു നോക്കിയെങ്കിലും സാധനം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കോവിഡ് ഭയം മൂലം പലരും സാധനം എത്തിക്കാൻ താൽപ്പര്യപ്പെട്ടില്ല. ഒടുവിൽ വഴി കണ്ടെത്തി. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു ചാടി രണ്ടെണ്ണം അടിക്കുക. ആരും അറിയാതെ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തി സ്വസ്ഥമായി ഉറങ്ങുക.
മുൻകുട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇയാൾ അധികൃതർ അറിയാതെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും മുങ്ങി. തുടർന്ന് കോട്ടയം നഗരത്തിൽ ഉൾപ്പെടെ എത്തി പല സ്ഥലങ്ങളിലും കറങ്ങി. ഇവിടങ്ങളിലെല്ലാം ശരീരോഷ്മാവ് പരിശോധിക്കുന്നതിനാൽ ഇയാൾക്ക് അങ്ങോട്ടേക്ക് അടുക്കാനായില്ല.
ശരീരോഷ്മാവ് പരിശോധനയിൽ പിടിക്കപ്പെട്ടാലോ എന്ന ആശങ്കയോടെയാണ് ഇയാൾ കറങ്ങി നടന്നിരുന്നത്. ഒടുവിൽ കക്ഷി മണർകാടുള്ള ഷാപ്പിലെത്തി ഭക്ഷണവും ഒരു കുപ്പി കള്ളും ഓർഡർ ചെയ്തു. രണ്ടു ഗ്ലാസ് അകത്തു ചെന്നതോടെ ഇയാളുടെ സകല നിയന്ത്രണങ്ങളും നഷ്്ടപ്പെട്ടു.
ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിപ്പോന്ന കാര്യം മറന്നു ഭക്ഷണം കഴിക്കുകയും മൂക്കറ്റം മദ്യപിക്കുകയും ചെയ്തു. ഒടുവിൽ കയ്യിലെ കാശ് തീർന്നു. പൂസായി നില്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഇയാൾ ഷാപ്പിനു പുറത്തിറങ്ങി.
പോക്കറ്റിൽ നോക്കിയപ്പോൾ ആകെയുള്ളത് വെറും 40 രൂപ മാത്രം. പൂക്കുറ്റി പൂസായതിനാൽ ഇയാൾ വഴിയിലൂടെ എത്തിയ ഓട്ടോയിൽ കയറി വീട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തി പണം എടുത്തശേഷം അതിരന്പുഴ വരെ പോകണമെന്നും തുടർന്നു പണം തരാമെന്നും ഓട്ടോറിക്ഷ ഡ്രൈവറോട് ഇയാൾ പറഞ്ഞു.
പക്ഷേ വീടിരിക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞു കൊടുക്കാൻ ഇയാൾക്കു കഴിഞ്ഞില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിലെത്തിക്കാമെന്നു പറയുകയും കാര്യങ്ങൾ വിശദമായി ചോദിക്കുകയും ചെയ്തു.
ഇതോടെ പൂസായി ആടി ഉലഞ്ഞു നിന്നിരുന്ന യുവാവ് താൻ അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നു ചാടി വന്നതാണെന്ന് അറിയാതെ ഡ്രൈവറോടു പറഞ്ഞു. സംഗതി കേട്ടു ഞെട്ടിപ്പോയ ഓട്ടോ ഡ്രൈവർ ഇയാളുമായി നേരെ മണർകാട് സ്റ്റേഷനിലെത്തി പോലീസുകാരോട് വിവരം പറഞ്ഞു.
പിന്നീട് പോലീസ് ഇടപെട്ട് അതിരന്പുഴയിൽ നിന്നും ആരോഗ്യ പ്രവർത്തകരെ വിളിച്ചു വരുത്തി ആംബുലൻസിൽ ഇയാളെ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.