പയ്യന്നൂര്‍: സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റിയ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഒരാഴ്ചയായിട്ടും തുടര്‍ നടപടികള്‍ കാണാതെ സ്ഥാപനയുടമകള്‍. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ തങ്ങളുടെ സ്ഥാപനങ്ങള്‍ എന്നാണ് വിട്ടുകിട്ടുക എന്നുപോലുമറിയാതെ വിഷമിക്കുകയാണിവര്‍.
ക്വാറന്റൈൻ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാഭരണകൂടം നോട്ടീസ് നല്കി ലോഡ്ജുകളും ആശുപത്രികളുമുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്തത്.
നാലുമാസം പിന്നിടുമ്പോഴേക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ താമസക്കാര്‍ വീടുകളിലേക്ക് പോയതിനെ തുടര്‍ന്ന് വിരലിലെണ്ണാവുന്നവയൊഴിച്ച് ബാക്കിയുള്ളവ അടച്ചുപൂട്ടി. എന്നാല്‍ അധികൃതര്‍ താക്കോല്‍ തിരിച്ചേല്പ്പിക്കുകയോ തുടര്‍ നടപടികളെപറ്റി അറിയിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സ്ഥാപനയുടമകളെ വിഷമിപ്പിക്കുന്നത്.
ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്ന ലോഡ്ജുകളും സ്വകാര്യ ആശുപത്രികളും നടത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറേയുമുണ്ട്.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം എപ്പോഴാണ് ലഭിക്കുക എന്ന് ഇവര്‍ക്ക് ധാരണയില്ല.
സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കണമെങ്കില്‍ ബെഡുകളും വിരിപ്പുകളുമുള്പ്പെടുന്ന സാധന സാമഗ്രികകള്‍ നശിപ്പിച്ച് പുതിയവ വാങ്ങണം. സ്ഥാപനം അണുവിമുക്തമാക്കണം.
വാട്ടര്‍ അതോറിറ്റി ബില്‍, ജീവനക്കാരുടെ വേതനം എന്നിവയും സ്ഥാപനയുടമ നല്‍കണം. കൂടാതെ പല സ്ഥാപനങ്ങള്‍ക്കും ഒരുലക്ഷത്തോളം രൂപയുടെ അധിക ബില്ലാണ് പുതുക്കിയ നിരക്കനുസരിച്ച് വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ ചില സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ തുറക്കാനാവത്ത അവസ്ഥയുമുള്ളത്.
അതേസമയം നിലവിലുണ്ടായിരുന്ന ക്വാറന്റൈൻ കേന്ദ്രങ്ങള്‍ പ്രത്യേക നിരക്കുകള്‍ നിശ്ചയിച്ചുകൊണ്ടുള്ള പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളാണ് അധികൃതര്‍ തുടര്‍ന്ന് സ്വീകരിക്കുകയെന്ന സൂചനയുണ്ട്.
ഇതിനുള്ള ഉത്തരവുകള്‍ അടുത്ത ദിവസംതന്നെപുറത്തിറങ്ങുമെന്നുമറിയുന്നു. എന്നാല്‍ ഈ നടപടി നിലവിലുള്ള പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സ്ഥാപനയുടമകള്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് സമൂഹത്തിന് വേണ്ടി സ്ഥാപനങ്ങള്‍ വിട്ടുനല്‍കിയവരെ സഹായിക്കുന്ന നടപടികളാണ് വേണ്ടതെന്ന അപേക്ഷയാണ് ഇവര്‍ക്കുള്ളത്.