സ്വന്തം ലേഖകൻ
തൃശൂർ: വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നുമൊക്കെ എത്തിയവർ ഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നതായി വ്യാപക പരാതി ഉയരുന്നു. പുറമെ നിന്നും വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റൈനിൽ 14 ദിവസം കഴിയണമെന്ന നിബന്ധനയാണു പലയിടത്തും ലംഘിക്കപ്പെടുന്നത്.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്കു പോകാതെ ഹോം ക്വാറന്റൈനിലേക്ക് ആളുകളെ വിടുന്നത് അവർ ചട്ടങ്ങളും നിബന്ധനകളും പാലിക്കുമെന്ന വിശ്വാസത്തിലാണ്. എന്നാൽ ഹോം ക്വാറന്റൈനിൽ പാലിക്കേണ്ടതായ കാര്യങ്ങൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങുന്നതും മറ്റും ശ്രദ്ധയിൽ പെടുന്ന ജനങ്ങൾ വിവരം പോലീസിലും ബന്ധപ്പെട്ട അധികാരികളോടും പരാതിപ്പെടുന്നുണ്ട്.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മാസ്കു ധരിക്കാതെ വീടിനു ചുറ്റും കറങ്ങുന്നതും വീട്ടിലെ മറ്റുള്ള അംഗങ്ങളുമായി ഇടപഴകുന്നതുമെല്ലാം പരാതികളായി പലയിടത്തു നിന്നും ഉയരുന്നുണ്ട്.
ഹോം ക്വാറന്റൈനിലുള്ളവർ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ബുള്ളറ്റ് പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ദ്രുതകർമസേനയും വീടുകളിലെത്തി ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
ഹോം ക്വാറന്റൈൻ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തിനു പുറത്തു നിന്നും രാജ്യത്തിനു പുറത്തുനിന്നും ദിവസേന നിരവധി പേർ എത്തുന്നതിനാൽ ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിൽ കർശനമായി നടപ്പാക്കിയ ഹോം ക്വാറന്ൈറൻ കൂടതൽ കർശനമായി നടപ്പാക്കാനാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്.