തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തി.
കേരളത്തിലെത്തിയവർ ക്വാറന്റൈനിൽ കഴിയുന്ന വീടുകൾ ഇന്നുമുതൽ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് മറ്റെങ്ങും പോകാതെ നേരെ ക്വാറന്റൈൻ കേന്ദ്രത്തിൽ അല്ലെങ്കിൽ വീട്ടിൽ എത്തുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും.
അവർ വഴിയിൽ പ്രത്യേകം തയാറാക്കിയ ടോയ്ലറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യം ഉറപ്പാക്കുന്നതിന് ഹൈവേ പോലീസിന്റെ സേവനം ഉറപ്പാക്കും. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.
ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് വയനാട് ജില്ലയിൽ രണ്ട് കേസും കാസർഗോഡ് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഒരു കേസ് വീതവും രജിസ്റ്റർ ചെയ്തതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.