തിരുവന്തപുരം: ഗവർണർ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും ഉൾപ്പെടെ സ്വയം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗവണറും മന്ത്രിമാരും ക്വാറന്റൈനിൽ പ്രവേശിച്ചത്.
മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ ശ്രീരാമ കൃഷണൻ, മന്ത്രമാരായ കെ.കെ ശൈലജ, കെ.ടി ജലീൽ, എ.സി മൊയ്തീൻ എന്നിവരാണ് ക്വാറന്റൈനിലായത്. ഗവണറും സ്പീക്കറും മുഖ്യമന്ത്രിയും മറ്റ് മൂന്ന് മന്ത്രിമാരും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു.
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാനാവില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും. കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ സംഭവത്തിനാണ് ഇതോടെ കോവിഡ് നിമിത്തമായിരിക്കുന്നത്.
കരിപ്പൂരിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ ഉൾപ്പെടെ 21 ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധനാ ഫലവും പോസിറ്റീവായി.
കളക്ടർ നേരത്തെ തന്നെ ക്വാറന്റൈനിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാനും നേരത്തെ രോഗം ബാധിച്ചിരുന്നു.
കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഈ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.
മലപ്പുറത്ത് വ്യാഴാഴ്ച 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ.