കണ്ണൂര്‍: ഹോം ക്വാറന്റൈനിലുള്ളവര്‍ റൂം ക്വാറന്റൈനിലാണെന്നും വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവര്‍ വീടുവിട്ട് പുറത്തുപോകില്ലെന്നും ഉറപ്പുവരുത്തുവാൻ കർശന നടപടികളുമായി കണ്ണൂർ ജില്ലാ ഭരണകൂടം. ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, പിഎച്ച്സി ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിക്കും.
ഇവരുടെ നേതൃത്വത്തില്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി ചെയര്‍മാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ ഒരു പിഴവും സംഭവിക്കാന്‍ ഇടയാകരുത്. പുറത്തുനിന്നെത്തിയ ഒരാള്‍പോലും നിരീക്ഷണസംവിധാനത്തില്‍ ഉള്‍പ്പെടാതെ പോകരുത്. ക്വാറന്റൈന് സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ സമൂഹം വലിയവില കൊടുക്കേണ്ടിവരുമെന്നതാണ് അനുഭവമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഹോം ക്വാറന്റൈനിലുള്ളവരുടെ വീട് എല്ലാദിവസവും സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും.15, 16 തീയതികളിൽ പഞ്ചായത്ത്, നഗരസഭാതലത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി ഹോം ക്വാറന്റൈനില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം.
ഹോം ക്വാറന്റൈനിലുള്ളവരുടെ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് ആദ്യവാരത്തില്‍ ഗള്‍ഫ് നാടുകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളില്‍ 618 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതില്‍ 191 പേര് ഗള്‍ഫ് പ്രവാസികളും 427 പേര് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്. വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണു വ്യവസ്ഥ.
എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയർ ഉള്ളതുകാരണം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണു കഴിയുന്നത്. പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ 1275 പേരുമുള്‍പ്പെടെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.