ലോക് ഡൗണ്‍ കാലത്തു പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ഷോര്‍ട്ട് ഫിലീമായി “ക്വാറന്റൈന്’ ശ്രദ്ധ നേടുന്നു. സിനിമാപഠിതാക്കളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ് ക്വാറന്റൈൈന്.
ഉള്ളുലയ്ക്കുന്ന പ്രമേയം തീക്ഷ്ണമായ ഭാവമുഹൂര്ത്തങ്ങളോടെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് ഒരുക്കിയ കലാസൃഷ്ടിയെന്ന നിലയിലും കൈയടക്കത്തോടെ അണിയിച്ചൊരുക്കിയ ഹ്രസ്വസിനിമയെന്ന നിലയിലും ക്വാറന്റൈന് വേറിട്ടുനില്‍ക്കും.
യുട്യൂബില്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഷോര്‍ട്ട് ഫിലിമിനു ലഭിക്കുന്നത്. സംവിധായകന് വീട്ടിലിരുന്ന് കൊണ്ട് അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും, അവരെ കൊണ്ട് ആ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിപ്പിച്ച ശേഷം ക്രോഡീകരിച്ച് എഡിറ്റര്‍ക്ക് അയച്ച് കൊടുത്തുമാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്.
പ്രമോദ് കൃഷ്ണന് സംവിധാനം ചെയ്ത ചിത്രം കാണുന്നവരുടെ ഹൃദയം തൊടുമെന്നുറപ്പ്. രശ്മി ഷാജൂണ്‍ തിരക്കഥ എഴുതിയ ചിത്രം ലോക്ക്ഡൗണില്‍ കുടുങ്ങിയ ഒരു കുടുംബത്തിന്റെ സങ്കടനിമിഷങ്ങളാണ് അവതരിപ്പിക്കുന്നത്.
എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ആഗ്നേയ് കാര്യാല്‍. സംഗീതം ഷിമിത് ശിവന്, കോ ഓര്‍ഡിനേഷന്‍ സജീന്ദ്രന് കൊമ്മേരി. അഭിനേതാക്കള്‍: മീനാക്ഷി വിമലേഷ്, വിമലേഷ്, പ്രിയാ ബിനോയ്, ആനന്ദ് ബാല്‍, ലതാ സതീഷ്, സതീഷ് അമ്പാടി, ഷബിത, ഹാഷിം കോര്മത്.
സിനിമയെ കുറിച്ച് അറിയുവാനും പഠിക്കുവാനുമായി ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൊണ്ട് നിരവധി നാടന്‍ പാട്ടുകളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കി മാതൃകയായിരിക്കുകയാണ് ഫസ്റ്റ് ക്ലാപ്പ്.
പ്രമുഖസംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഫസ്റ്റ് ക്ലാപ്പ്. തങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സര്‍ഗാത്മക പരിപോഷിപ്പിക്കുന്നതിനായാണ് വീട്ടിലിരുന്ന് കൊണ്ട് തന്നെ നാടന്‍ പാട്ടുകളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കുക എന്ന ആശയവുമായി ഫസ്റ്റ് ക്ലാപ്പ് മുന്നിട്ടിറങ്ങിയത്.
വിവിധ ജില്ലകളില്‍ കഴിയുന്ന സംഘടനയിലെ അംഗങ്ങള്‍ തന്നെ ഗാനരചന നടത്തി, പാടി, സംഗീതം നല്കിയ പത്തോളം നാടന്‍ പാട്ടുകളാണ് ഒരാഴ്ച കൊണ്ട് പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഇത് കൂടാതെ ഇരുപതോളം ഹ്രസ്വ ചിത്രങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് ഫസ്റ്റ് ക്ലാപ്പിലെ പുതുമുഖ പ്രതിഭകള്‍. അവനവന് കടമ്പ, സസ്പെന്‍സ്, ഒരു ലണ്ടന്‍ അപാരത, ഗെറ്റ് ടു ഗദര്‍ എന്നീ ഷോര്‍ട്ട് ഫിലീമുകളും യൂടൂബില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിക്കഴിഞ്ഞു.
സിനിമാപഠിതാക്കള്ക്ക്് പ്രചോദനവും പ്രോത്സാഹനവും നല്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫസ്റ്റ് ക്ലാപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.