വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സിലെ സെപ്റ്റിടാങ്കിൽ നിന്നു മാലിന്യം പുറത്തേക്ക്. പരിസരവാസികളെ ദുരിതത്തിലാക്കുന്ന സിഎം കോട്ടേജിനെതിരെ നടപടി തേടി ഡിവൈഎഫ്ഐ രംഗത്തെത്തി.അശാസ്ത്രീയ രീതിയിൽ മലിനജലടാങ്ക് നിർമിച്ചത് വഴി സമീപ പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമാകുന്ന സ്ഥിതിയാണുള്ളത്.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് രണ്ട് ദിവസമായി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ക്വാർട്ടേഴ്സിലെ 23 മുറികളിലായി 88 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്. കുടുംബ ഉപയോഗത്തിനാണ് ലൈസൻസെങ്കിലും വടകരയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയുടെ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ പാർപിച്ചിരിക്കുന്നത്. എന്നാൽ 150 ഓളം പേർ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
ഡിവൈഎഫ്ഐ കുട്ടോത്ത് യൂനിറ്റ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തധികൃതരും ഹെൽത്ത് ഇൻസ്പക്ടറും സ്ഥലം സന്ദർശിച്ചു. ക്വാട്ടേഴ്സ് അടിയന്തിരമായി അടച്ച് പൂട്ടാനും തൊഴിലാളികളെ ഉടൻ മാറ്റിപ്പാർപ്പിക്കാനും ഉത്തരവിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ 30 ദിവസത്തെ സമയവും നൽകി. ഇതിനടുത്തുള്ള ഹിറാ ക്വാട്ടേഴ്സിൽ ജൈവമാലിന്യ ടാങ്ക് നിറഞ്ഞ് പുഴുവരിച്ച് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തി.
ഇതിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രതിഷേധത്തിനു മേഖല പ്രസിഡന്റ് രാഗേഷ് പുറ്റാറത്ത്, മേഖല ട്രഷറർ ഇ.കെ.രതീഷ്, എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം എം.പി.സിബിൻ, ഡിവൈഎഫ്ഐ കട്ടോത്ത് നോർത്ത് സിക്രട്ടറി സ്നേഹ, പ്രസിഡന്റ് ദുർഗേഷ്, വാർഡ് മെന്പർ കൊടക്കാട്ട് ബാബു എന്നിവർ നേതൃത്വം നൽകി.
ശുചിത്വ പൂർണമായ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കോട്ടേജിന് തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.