ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്വാർട്ടേഴ്സ് പുനർനിർമാണം നടത്തിയശേഷം അർഹതപ്പെട്ട ജീവനക്കാർക്ക് നൽകാതെ കാടുകയറി നശിക്കുകയാണെന്നും പരാതി.
കേരള എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകിയത്.
കുട്ടികളുടെ ആശുപത്രിയിൽ അടുത്ത കാലത്തായി ജോലിയിൽ പ്രവേശിച്ചവർക്കാണ് പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ജി ടൈപ്പ് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് നൂറുകണക്കിന് ജീവനക്കാർ ജില്ലയ്ക്ക് വെളിയിൽ നിന്നു വന്ന് ഇവിടെ ജോലി ചെയ്യുകയാണ്.
വർഷങ്ങളായി ഇവരിൽ പലരും ക്വാർട്ടേഴ്സിന് അപേക്ഷ നൽകി കാത്തിരിക്കുന്പോഴാണ് പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ പുനർനിർമാണം നടത്തിയ മെഡിക്കൽ കോളജ് കാന്പസിലെ നിരവധി ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് അനുവദിക്കാതെ കാടുപിടിച്ച് നശിക്കുകയാണ്.
ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ച നടപടി പിൻവലിക്കുക, വിദൂരസ്ഥലങ്ങളിൽ നിന്നെത്തി കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക, ക്വാർട്ടേഴ്സ് അനുവദിക്കുന്പോൾ സീനിയോറിറ്റി പരിഗണിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും, തീരുമാനമായില്ലെങ്കിൽ സമരപരിപാടി ആരംഭിക്കുമെന്നും അസോസിയേഷൻ നേതാക്കൾ അറിയിച്ചു.