പയ്യന്നൂര്‍: ടെലഫോണ്‍ ജീവനക്കാരുടെ താമസപ്രശ്നം പരിഹരിക്കുന്നതിനായി രണ്ടു പതിറ്റാണ്ട് മുമ്പ് കോടികള്‍ മുടക്കി നിര്‍മിച്ച പയ്യന്നൂരിലെ ടെലഫോണ്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാനാളില്ല.
26 വീട്ടുകാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ റോഡിലെ ഈ കെട്ടിടങ്ങളില്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ജോലിയുള്ള ഏഴ് കുടുംബങ്ങള്‍ മാത്രമാണ് താമസം.
ബിഎസ്എന്‍എല്‍ ആയി രൂപമാറ്റം സംഭവിക്കുന്നതിന് മുമ്പ് ടെലകോമിന് കീഴിലായിരുന്ന സമയത്താണ് ജീവനക്കാരുടെ താമസ സൗകര്യത്തിന് പരിഹാരമായി ടെലഫോണ്‍ ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്.
ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന് കിണറും പമ്പുഹൗസും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിരുന്നു. ആദ്യകാലങ്ങളില്‍ എല്ലാ ക്വാര്‍ട്ടേഴ്സുകളിലും ജീവനക്കാരുടെ കുടുംബങ്ങള്‍ താമസത്തിനുമുണ്ടായിരുന്നു.
ബിഎസ്എന്‍എല്‍ ആയി മാറിയതോടെ ഗേറ്റിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുപോലും ദ്രവിച്ചുപോവുകയായിരുന്നു.
കുറെ നാളുകള്‍ക്ക് ശേഷം ഒരുവര്‍ഷം മുമ്പ് പെയിന്റ് ചെയ്തുവെന്നതൊഴിച്ചാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ആരുമെത്തിയില്ല. ക്വാര്‍ട്ടേഴ്സിന് ചുറ്റും കാടുകള്‍ വളര്‍ന്നതോടെ തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും ശല്യവും കൂടി.
ഇപ്പോഴുള്ള ഏഴുതാമസക്കാരില് ആരോഗ്യ വകുപ്പിലേയും കെഎസ്ഇബിയിലേയും ജീവനക്കാരുടെ നാല് കുടുംബങ്ങളും ബിഎസ്എന്‍എല്ലിലെ മൂന്ന് കുടുംബവുമാണ് താമസക്കുന്നത്.
ക്വാർട്ടേഴ്സിന്റെ ഭാഗമായി നിര്‍മ്മിച്ച ആദ്യകെട്ടിടത്തിലെ വയറിംഗ് സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടിമിന്നലില്‍ നശിച്ചുപോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാല്‍ ഈ കെട്ടിടമിപ്പോള്‍ ഗോഡൗണായാണ് ഉപയോഗിക്കുന്നത്.
മുമ്പുണ്ടായിരുന്ന ജീവനക്കാര്‍ സ്ഥലം മാറിപോയതോടെ പകരമെത്തിയവര്‍ക്ക് ക്വാര്‍ട്ടേഴ്സിന്റെ ആവശ്യമില്ലാതെ വന്നതാണ് കോടികള്‍ മുടക്കി നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ അവഗണനയിലാകാന് കാരണം.
വിദൂര സ്ഥലങ്ങളില്‍നിന്നും ജോലിയാവശ്യാര്‍ഥം പയ്യന്നൂരില്‍ താമസിക്കുന്നവര്‍ നിരവധിയാണ്. പല ഓഫീസുകളും ഇപ്പോഴും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവുമുണ്ട്.
ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ മേധാവികള്‍ മനസുവെച്ചാല്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകും.