ദോഹ: ഉപരോധം പിൻവലിക്കാൻ സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ട് വച്ച നിബന്ധനകൾ പാലിക്കാൻ ഖത്തറിന് നൽകിയ സമയപരിധി നീട്ടി. 48 മണിക്കൂറുകൾ കൂടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങൾ സമയം നീട്ടി നൽകിയത്. സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച 13 ഉപാധികൾ പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കെയാണ് സമയം നീട്ടി നൽകിയത്. നേരത്തെ, ഉപാധികളെല്ലാം തള്ളിയ ഖത്തർ ചർച്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കിയിരുന്നു.
അതിനിടെ, മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീർ ഷെയ്ഖ് സബാഹുമായി ചർച്ച നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നു കുവൈത്തിൽ എത്തുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. ഉപാധികൾ പാലിക്കാനുള്ള സമയപരിധി അവസാനിക്കുമെന്നതനേത്തുടർന്നയിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടി നൽകിയതിനാൽ ഇരവരും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയേക്കുമെന്നാണ് വിവരങ്ങൾ.
ഖത്തർ നയങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹമദ് രാജാവുമായും ഖത്തർ അമീറുമായും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഫോണിൽ ചർച്ച നടത്തിയിരുന്നു
കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.