ചങ്ങനാശേരി: കഴിഞ്ഞ 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ചങ്ങനാശേരി ബൈപാസിന്റെ മോർക്കുളങ്ങര ഭാഗത്ത് സിനിമാ സ്റ്റൈൽ സ്റ്റണ്ട് മോഡലിലുള്ള അക്രമം അരങ്ങേറിയത്. രണ്ടു കാറുകളിൽ മാരകായുധങ്ങളുമായെത്തിയ പ്രതികളാണ് അക്രമം അഴിച്ചുവിട്ടത്.
റോഡരികിൽനിന്ന് മീൻവില്പന നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27) ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഏതാനും പേർ രാഹുലിനെ പിടിച്ചു നിർത്തുകയും മറ്റുള്ളവർ തലയ്ക്കും കൈകാലുകൾക്കും വെട്ടുകയുമായിരുന്നു.
തുടർന്ന് അക്രമത്തിനുശേഷം സംഘം കാറുകളിൽ കയറി മടങ്ങി. ഓടിക്കൂടിയ നാട്ടുകാർ രാഹുലിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പോലീസ് എത്തി ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം പ്രതികൾ തിരുവല്ല ഭാഗത്തേക്കു പോയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇവരെ പിടികൂടാനുള്ള അവസരമൊരുക്കിയത്.
രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘം ക്വട്ടേഷൻ ഏറ്റെടുത്താണ് ആക്രമണം നടത്തിയതെന്നു വ്യക്തമായത്. ജയിലിൽവച്ചാണ് ഇയാൾ ആസൂത്രണങ്ങൾ നടത്തിയത്.
ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത വിനീത് സഞ്ജയൻ കഴിഞ്ഞ മാസമാണ് ജയിൽ നിന്നും പുറത്തിറങ്ങിയത്.
ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, വൈക്കം, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാളെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.