ചങ്ങനാശേരി: മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിയ കേസിൽ ഇനി പിടിയിലാകാനുള്ളത് ചങ്ങനാശേരിയിലെ ക്വട്ടേഷൻ സംഘം.ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാസംഘം കഴിഞ്ഞ 26ന് മൂന്ന് അക്രമങ്ങൾ കൂടി നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ.
മോർക്കുളങ്ങര ഭാഗത്ത് മത്സ്യവ്യാപാരം നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുൽ (27)നെ വെട്ടിയതു കൂടാതെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീടാക്രമണവും വൈക്കം സ്റ്റേഷൻ പരിധിയിൽ മറ്റൊരാളെ വെട്ടുകയും ചെയ്ത കൃത്യങ്ങളാണ് ഇവർ നടത്തിയത്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചങ്ങനാശേരി പോലീസ് ശനിയാഴ്ച ഒരാളെക്കൂടി അറസ്റ്റു ചെയ്തു. ചീരഞ്ചിറ സ്വദേശി ജാക്സണി(26)നെയാണ് അറസ്റ്റ് ചെയ്തത്.
പാന്പാടിക്കടുത്ത് ഒരുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ചങ്ങനാശേരി എസ്എച്ച്ഒ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
ചങ്ങനാശേരി ബൈപാസിൽ മിൻകച്ചവടക്കാരനായ രാഹുലിനെ വെട്ടിയ കേസിൽ ഇയാൾക്ക് ബന്ധമില്ലെന്നും എന്നാൽ അന്നു നടന്ന മറ്റ് രണ്ടുകേസുകളിൽ ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ജാക്സണെ ഗാന്ധിനഗർ പോലീസിനു കൈമാറിയിരുന്നു. മൂന്ന് അക്രമങ്ങളും സംഘം ക്വട്ടേഷൻ ഏറ്റെടുത്തു നടത്തിയതാണെന്നും പോലീസ് പറഞ്ഞു.
ക്വട്ടേഷൻ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് ഇതോടെ 10പേരെ അറസ്റ്റു ചെയ്തു. ഇനി ഏഴുപേരെ പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.