പരിയാരം: പരിയാരത്തെ കോണ്‍ട്രാക്ടറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പിടിയില്‍. നീലേശ്വരം സ്വദേശി മാൻഡ്രേക്ക് എന്ന കൃഷ്ണദാസ് (20) ആണ് പരിയാരം പോലീസിന്റെ പിടിയിലത്.
ഇയാളുടെ കാറിലാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ വെട്ടാനായി ക്വട്ടേഷന്‍ സംഘം പോയത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്ട്രാക്ടര് പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. കേസിലെ നാല് പ്രതികളെ നേരത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെരുവമ്പ്രം ചെങ്ങത്തടത്തെ ചട്ടി എന്ന തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ കപ്പി എന്ന പി.സുധീഷ് (39) എന്നിവരെയാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
സുരേഷ് ബാബുവിന്റെ വാഹനം ഇടിച്ചു വീഴ്ത്തി അപകടപ്പെടുത്താന്‍ ബന്ധുവിന്റെ ഭാര്യയായ സ്ത്രീ ക്വട്ടേഷന്‍ നല്‍കിയിരുന്നു.
സ്ത്രീയുടെ ക്വട്ടേഷൻ
പരിചയക്കാരനായ രതീഷിനാണ് സ്ത്രീ ക്വട്ടേഷൻ നൽകിയത്. രതീഷും ജിഷ്ണുവും അഭിലാഷും ചേർന്ന് ഒരു വാൻ വാടകയ്ക്ക് എടുത്താണ് ആദ്യം സുരേഷ് ബാബുവിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്താൻ നോക്കിയത്.
വാഹനമിടിപ്പിക്കാൻ ശ്രമിച്ച പ്രതികളെ സുരേഷ് ബാബുവിന് മനസിലായതോടെയാണ് നീലേശ്വരം സ്വദേശികളായ മറ്റുള്ളവരെ രംഗത്തിറക്കിയത്.
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പ്രതികൾ സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. സുരേഷ് ബാബുവിന്റെ നീക്കങ്ങളെല്ലാം ഈ കാറില്‍ യാത്ര ചെയ്തുകൊണ്ട് പ്രതികള്‍ നിരീക്ഷിച്ചിരുന്നു.
തുടര്‍ന്നാണ് വീടിന്റെ മുന്നില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം നോക്കി വീട്ടില്‍ കയറി സുരേഷ് ബാബുവിനെ വെട്ടിയത്. കഴിഞ്ഞ ദിവസം സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് ശേഷം അതിയടത്ത് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ നാളെ
കേസിലെ ക്വട്ടേഷൻ നൽകിയ സ്ത്രീ ഒളിവിലാണ്. ഇവർ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. നാളെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
നീലേശ്വരത്ത് വച്ചാണ് പരിയാരം എസ് ഐ കെ.വി. സതീശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിപിഒ പി.പി. മനോജ് എന്നിവരടങ്ങിയ സംഘം കൃഷ്ണദാസിനെ പിടികൂടിയത്.