കറുകച്ചാൽ: ബൈക്കോടിച്ചത് സംബന്ധിച്ച തർക്കം വഴക്കിലെത്തി. പകരം വീട്ടാൻ ക്വട്ടേഷൻ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. വീട് കയറി ആക്രമിച്ചശേഷം ഓടി രക്ഷപെട്ട യുവാക്കളെ കഞ്ചാവു വിൽപ്പന നടത്തുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ കാക്കിരിയിൽ ജോസഫ് (23), ആലപ്പുഴ പുന്നപ്ര പുത്തൻപുരയ്ക്കൽ ശ്രീജീത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടപ്പുമുണ്ടായിരുന്ന മനു, ജോമോൻ രക്ഷപ്പെട്ടു. ഇവർ ആലപ്പുഴയിലെ ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ ആറിന് മാമുണ്ട ചേറ്റുതടത്തായിരുന്നു സംഭവം.
പുലർച്ചെ കാറിലെത്തിയ സംഘം മുതിഞ്ഞാറക്കുളം ബാബുവിന്റെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. കന്പിവടികളുമായി എത്തിയ ഇവർ വീട്ടിൽ കയറി ബാബുവിന്റെ ഭാര്യ സുജാത (52) ,മകൻ സുധീപ് (32) എന്നിവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ പ്രതികൾ കാർ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു.
തുടർന്ന് കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനിലെത്തിയ ജോസഫും, ശ്രീജിത്തും കൈവശവുണ്ടായിരുന്ന കഞ്ചാവ് പൊതികൾ വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ കറുകച്ചാൽ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും അഞ്ചുപൊതി കഞ്ചാവും പിടിച്ചെടുത്തു.
120 രൂപയ്ക്ക് ഒരു പൊതി കഞ്ചാവ് വിറ്റതായും പ്രതികൾ സമ്മതിച്ചു. ബാബുവിന്റെ മകൻ സുധീപും അയൽവാസിയായ മനു എന്നയാളുമായി ബൈക്കോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. മനുവാണ് തന്റെ ബന്ധു ഉൾപ്പെട്ട ആലപ്പുഴയിലെ ക്വട്ടേഷൻ സംഘത്തെ വരുത്തി വീടാക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കമുള്ള നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.