പരിയാരം: പരിയാരത്ത് കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തന്റെ ഭർത്താവിനെ നിയന്ത്രിക്കുന്ന സുഹൃത്തിനെ വധിക്കാൻ ഭാര്യ നല്കിയ ക്വട്ടേഷൻ കഥയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ പ്രതികൾ വെളിപ്പെടുത്തിയത്.
ക്വട്ടേഷൻ നല്കിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥയായ സീമയെ ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഭര്‍ത്താവിനെ നിയന്ത്രിക്കുന്ന സുഹൃത്തിനെ ഇല്ലാതാക്കിയാല്‍ ഭര്‍ത്താവിനെ തനിക്ക് മാത്രമായി ലഭിക്കുമെന്ന ചിന്തയില്‍ നിന്നാണ് സീമ എന്ന സ്ത്രീയെ ക്വട്ടേഷന്‍ സംഘത്തിലേക്ക് എത്തിച്ചത്.
ഭർത്താവിന്റെ ആത്മസുഹൃത്തായ പരിയാരത്തെ കോണ്‍ട്രാക്ടറുടെ ജീവന് അപായപ്പെടുത്താൻ തന്നെയാണ് സീമ ക്വട്ടേഷൻസംഘത്തെ സമീപിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ അക്രമിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്.
സംഭവത്തില്‍ പിടിക്കപ്പെട്ടാലും തന്റെ പേരു പറയാതിരിക്കാന്‍ സീമ വേറെയും ലക്ഷങ്ങള്‍ പ്രതികള്‍ക്ക് ഓഫര്‍ ചെയ്തിരുന്നു. ഭര്‍ത്താവും മക്കളുമായി പിണങ്ങി കണ്ണൂരിലെ ഒരു ഫ്ലാറ്റിലാണ് പയ്യന്നൂർ സ്വദേശിനിയായ സീമ താമസിക്കുന്നത്.
സുരേഷ് ബാബുവുമായി ഭര്‍ത്താവിനുള്ള ബന്ധത്തെ അങ്ങേയറ്റം സീമ വെറുത്തിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവുമായി പിണങ്ങി സീമ കണ്ണൂരിലെ ഫ്ലാറ്റിലേക്ക് താമസം മാറുകയും ചെയ്തു. ഇവിടെ വച്ചാണ് ഇവര്‍ സുരേഷ് ബാബുവിനെതിരായി ക്വട്ടേഷന്‍ നല്‍കിയത്.
സ്ത്രീയുടെ ക്വട്ടേഷൻ
തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും തന്നോട് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നും അതിനാല്‍ അയാളെ കിടത്താന്‍ പാകത്തിന് എന്തെങ്കിലും ചെയ്യണമെന്നുമാണ് സീമ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടത്.
ഒരു സ്ത്രീ ക്വട്ടേഷന്‍ നല്കിയ സംഭവം കേരളത്തില്‍ വളരെ അപൂര്‍വമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 18നാണ് അതിയടത്തെ വീട്ടില്‍ വച്ച് നാലംഗ സംഘം സുരേഷ് ബാബുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്.
കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ സുരേഷ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ള മാരുതി കാറിലെത്തിയവരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് ഇദ്ദേഹം പോലീസിന് നല്കിയ മൊഴി. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് പോലീസിന വ്യക്തമായിരുന്നു.
സീമ ഒളിവിൽ
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ചാലാട് കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥയായ സീമയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം മനസിലാക്കിയ ഉടന്‍ തന്നെ സീമ ഒളിവില്‍ പോവുകയായിരുന്നു. നീലേശ്വരം പള്ളിക്കരയിലെ സുധീഷ്, പഴയങ്ങാടി ചെങ്കല്‍ തടം സ്വദേശികളായ ജിഷ്ണു, അഭിലാഷ്, മേലതിയടത്തെ രതീഷ് എന്നിവരെയാണ് പരിയാരം സിഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.