ചങ്ങനാശേരി: ചങ്ങനാശേരി മോർക്കുളങ്ങര ഭാഗത്ത് മത്സ്യവ്യാപാരം നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലി(27)ന് വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാസംഘത്തിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൊട്ടേഷൻ, ക്രിമിനൽ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്.
ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 26ന് ഉച്ചക്ക് ഒന്നിനാണ് രാഹുലിന് കൊട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ
അയ്മനം സ്വദേശി വിനീത് സഞ്ജയ് (33), റഹിലാൽ(32), ആദർശ് (20), വിഷ്ണു (24), രാജീവ് ബൈജു(19), ചങ്ങനാശേരി സ്വദേശികളായ ഉല്ലാസ് (32), സുബിൻ (42), തെള്ളകം സ്വദേശി ബുദ്ധലാൽ(22), തിരുവല്ല പൊടിയാടി സ്വദേശി പ്രമോദ് (42) എന്നിവരെ ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ എട്ടുപേർകൂടി പിടിയിലാകാനുള്ളതായും അന്വേഷണം ഉൗർജിതമാക്കിയതായും പോലീസ് പറഞ്ഞു. കൊട്ടേഷൻ കൃത്യങ്ങൾ നടപ്പാക്കിയശേഷം സംഘങ്ങൾ വിവിധ ജില്ലകളിൽ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്.
ചങ്ങനാശേരിയിലെ അക്രമത്തിനുശേഷം പ്രതികൾ ആദ്യം അടൂരിലും ആലപ്പുഴയിലും പിന്നീട് പാലക്കാട് ജില്ലയിലെ ഒലവക്കോട്ടുമാണ് താമസിച്ചത്. ഒലവക്കോടുള്ള ലോഡ്ജിൽ നിന്നാണ് ഗുണ്ടാ നേതാവ് വിനയ് സഞ്ജയ് ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റു ചെയ്തത്.
വെട്ടേറ്റ മൽസ്യ വ്യാപാരി രാഹുലും അറസ്റ്റിലായ പ്രതി ഉല്ലാസും തമ്മിൽ കുറച്ചുദിവസം മുന്പ് ആലപ്പുഴ റോഡിൽ മനക്കച്ചിറ ഭാഗത്തുവച്ച് തർക്കമുണ്ടാകുകയും ഇരുവരും തമ്മിൽ ഭീഷണി മുഴക്കുകയും ചെയ്തു.
ശേഷം ചങ്ങനാശേരിയിലെ ഗുണ്ടാനേതാവിനെ ബന്ധപ്പെടുകയും ഇയാൾ വഴി രാഹുലിനെ അക്രമിക്കാനുള്ള കൊട്ടേഷൻ വിനീതിനെ ഏൽപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.