വൈപ്പിൻ: വനിത ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയത് ചാത്തങ്ങാട് ബീച്ചിലിട്ട് കൊലപ്പെടുത്താനെന്ന് അറസ്റ്റിലായവരുടെ മൊഴി. ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ അയൽ വാസിയും അടുത്ത ബന്ധുവുമായ കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടിൽ സജീഷിന്റെ ഭാര്യ പ്രിയങ്ക (30) സജീഷിന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് നായരമ്പലം വെളിയത്താംപറമ്പ് മയ്യാറ്റിൽ വിഥുൻ ദേവ് (25) എന്നിവരുടെ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
കേവലം ജയയും പ്രിയങ്കയുമായുള്ള അതിർത്തി തർക്കവും, പ്രിയങ്കക്കും ഭർത്താവിനുമെതിരേ ജയ അപവാദ പ്രചരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണ മൂലമുള്ള വൈരാഗ്യവുമാണ് ക്വട്ടേഷൻ നൽകാൻ കാരണമായതെന്നും അറസ്റ്റിലായ പ്രിയങ്ക പോലീസിനെ അറിയിച്ചു.
അതേ സമയം ജയയുടെ ഒച്ചകേട്ട് ചാത്തങ്ങാട് ബീച്ചിൽ ഉറങ്ങിക്കിടന്ന ഒരു യുവാവ് ഉണർന്ന് എത്തിയതോടെ കൃത്യം പൂർത്തിയാക്കാതെ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ജയയുടെ ഫോൺ പ്രതികളിൽ ഒരാൾ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തത്രേ. വായ ശക്തമായി പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൈയിലുണ്ടായിരുന്ന ആയുധം വച്ചാണ് സംഘം ആക്രമിച്ചിട്ടുള്ളത്.
വിഥുൻ ദേവാണ് ആണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതും പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽ ജയയെ ക്വട്ടേഷൻ സംഘത്തിനു രഹസ്യമായി കാണിച്ചു കൊടുത്തതും. പ്രിയങ്കയുടെ ഭർത്താവായ സജീഷ് ആണ് ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരൻ. ഇയാളും കൃത്യം നിർവ്വഹിച്ച മൂന്നംഗ ക്വട്ടേഷൻ സംഘവും ഒളിവിലാണെന്ന് പോലീ അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ ജയ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമായി നടത്തിവരുന്നു. മുനമ്പം ഡിവൈഎസ്പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത് റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.