തൃശൂർ: ഹോണ്‍ മുഴക്കിയതിന്റെ പേരിൽ ഗുണ്ടകളെ വിട്ട് എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ അഭിഭാഷകനെയും കൂട്ടാളിയെയും പോലീസ് പ്രതിചേർത്തു. അയ്യന്തോൾ എട്ടുകുളം വക്കത്ത് അഡ്വ. വി.ആർ. ജ്യോതിഷ്, ക്വട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാസംഘാംഗം നെൽസണ്‍ എന്നിവരെയാണ് പ്രതി ചേർത്തത്.
10,000 രൂപയ്ക്കു ജ്യോതിഷ് നൽകിയ ക്വട്ടേഷൻ സ്വീകരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്നു സിജെഎം കോടതിയിൽ ഈസ്റ്റ് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ രണ്ടു ഗുണ്ടകളെ ഒരാഴ്ച മുൻപ് പോലീസ് പിടികൂടിയിരുന്നെങ്കിലും തുടർനീക്കങ്ങൾ ഉണ്ടായിരുന്നില്ല.
കേസിൽ പ്രതിചേർത്താലുടൻ പോലീസ് അറസ്റ്റ് ചെയ്യുമെന്നു ഭയന്ന് ജ്യോതിഷും നെൽസണും ഇന്നലെ രാവിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തൊട്ടുപിന്നാലെ ഇവരെ കേസിൽ പ്രതിചേർത്തുകൊണ്ട് സിജെഎം കോടതിയിൽ ഈസ്റ്റ് എസ്ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ, ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഓണത്തലേന്നാണ് കേസിനാസ്പദമായ സംഭവം. ശക്തൻ നഗറിലെ ഷോപ്പിംഗ് മാളിനു മുന്നിൽ നടന്ന തർക്കമാണ് ക്വട്ടേഷനിലേക്കു നയിച്ചത്. വഴിമുടക്കി കിടന്ന ജ്യോതിഷിന്റെ കാറിനു പിന്നിൽ എൻജിനീയർ കൂർക്കഞ്ചേരി പുളിക്കത്തറ ഗിരീഷ് കുമാർ ഹോണടിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. ഗുണ്ടകളായ സാബു വിൽസണ്‍, അജീഷ് എന്നിവർക്കു എൻജിനീയറെ ആക്രമിക്കാൻ ജ്യോതിഷ് ക്വട്ടേഷൻ നൽകി.നെൽസണ്‍ വഴിയായിരുന്നു ക്വട്ടേഷൻ. പ്രതികളുമായി ജ്യോതിഷ് ബന്ധപ്പെട്ടതിന്റെ ഫോണ്‍രേഖകൾ പോലീസ് കോടതിയിൽ സമർപ്പിച്ചു.