കോട്ടയം: നഗരത്തിൽ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം. മൊബൈൽ ഫോണ് കടയിലെ ജീവനക്കാരനു നേരെ കുരുമുളക് സ്പ്രേ അടിച്ചശേഷം മർദിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമെന്നാണ് സൂചന. മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലെ ജീവനക്കാരനായ പതിനാറിൽചിറ സ്വദേശി ഷിനുവിനെയാണു കുരുമുളകു സ്പ്രേ അടിച്ചശേഷം മൂന്നംഗ സംഘം കടയിൽ കയറി ആക്രമിച്ചത്.
കോട്ടയം കല്ലുപുരക്കൽ സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ളതാണു കട. ഇന്നലെ ഉച്ചയോടെ കടയിലെത്തിയ മൂന്നംഗ സംഘം കുരുമുളകു സ്പ്രേ അടിച്ചശേഷം ഷിനുവിനെ മർദിച്ചവശനാക്കിയശേഷം രക്ഷപ്പെടുകയായിരുന്നു. ഷിനുവും സമീപത്തെ മറ്റൊരു കടയിലെ ജീവനക്കാരനും തമ്മിൽ വാക്കു തർക്കവും സംഘർഷവും നടന്നിരുന്നു.
അന്ന് ഷിനു മറ്റെയാളെ മർദിച്ചിരുന്നു. ഇതിനു പ്രതികാരം ചെയ്യാൻ ക്വട്ടേഷനെടുത്തവരാണ് ഇന്നലെ കുരുമുളക് സ്പ്രേയടിച്ച് ഷിനുവിനെ മർദിച്ചതെന്നാണ് പോലീസ് കരുതുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അക്രമി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പട്ടാപ്പകൽ കടയിൽ കയറി ഒരാളെ മർദിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക പരന്നിട്ടുണ്ട്. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനും സാധിച്ചിട്ടില്ല. കടകളിലെ ജീവനക്കാർക്കു പോലും ഒരു സുരക്ഷിതത്വവുമില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.