സിഡ്നി: ഉയരക്കുറവുണ്ടെന്ന കാരണത്താല്‍ കളിയാക്കലുകള്‍ ഏറ്റുവാങ്ങി ഹൃദയം വിങ്ങിയ ഒമ്പതു വയസുകാരൻ ക്വാഡന് ബെയില്‍സിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
ഉയരമില്ലെന്ന കാരണത്താല്‍ സ്കൂളില്‍ സഹപാഠികള്‍ അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ബെയില്‍സിന്റെ ദൃശ്യങ്ങള്‍ തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്. ക്വാഡനു പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
വിങ്ങിപ്പൊട്ടുന്ന ക്വാഡനല്ല, ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.
കരയുന്ന വീഡിയോ വൈറലായതോടെ നാഷണല്‍ റഗ്ബി ലീഗിന്റെ ഓള് സ്റ്റാര്‍സ് മാര്‍ച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡന് അവസരം ലഭിക്കുകയായിരുന്നു.
ഗോള്‍ഡ് കോസിലെ മൈതാനത്തേക്ക് താരങ്ങളുടെ കൈപിടിച്ചെത്തിയ ക്വാഡനെ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
“എന്നെയൊന്ന് കൊന്ന് തരുമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ തരൂ. ഞാന്‍ ജീവിതം അവസാനിപ്പിക്കാം’. എന്നാണ് ക്വാഡന് ഹൃദയം നൊന്ത് അമ്മയോട് പറഞ്ഞത്. ക്വാഡന്റെ അമ്മ യരാക ബെയ്ല്‍സാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ലോകം അറിയുകയായിരുന്നു.
നിമിഷങ്ങള്‍ കൊണ്ട് വൈറലായ ഈ ദൃശ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഡ്വാര്‍ഫിസം എന്ന അപൂര്‍വ ജനിതകാവസ്ഥയാണ് ക്വാഡന്റെ ഉയരക്കുറവിനു കാരണം.
ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാൻ, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യംസ് കൂടാതെ ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ എന്നിവരെല്ലാം ക്വാഡന് പിന്തുണയുമായി രംഗത്തെത്തെത്തിയിരുന്നു.
കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്പത്തിക സഹായങ്ങളുടേയും പ്രവാഹമാണ്. 250,000 യുഎസ് ഡോളറാണ് ക്വാഡന് വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്.