ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയിലായി.
ജലവിതരണമുൾപ്പെടെ മുടങ്ങി. ആളുകൾ തെരുവുകളിൽ അടുപ്പു കൂട്ടി വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചെന്നു റിപ്പോർട്ടുണ്ടെങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്.
പൂർണതോതിൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. ക്യൂബയിൽ പവർ പ്ലാന്റ് തകരാറിലാകുന്നത് ഇതാദ്യമായല്ലെങ്കിലും ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് നടാടെയാണെന്നു പറയുന്നു.