വിചിത്രമായ കാര്യങ്ങൾ പറയുന്നതിലും ചെയ്യുന്നതിലും പ്രശസ്തനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ട്രംപിന്റെ വിചിത്രമായ ഒരാഗ്രഹം കാരണം തലവേദന പിടിച്ചിരിക്കുന്നത് ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾക്കാണ്. ഒക്ടോബർ അവസാനവാരം ബ്രിട്ടൻ സന്ദർശിക്കുന്ന ട്രംപിന് ബ്രിട്ടീഷ് രാജ്ഞിയുടെ സ്വർണരഥത്തിൽ കയറണമത്രേ! വെറുതേ കയറിയാൽ പോരാ, രഥം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്നു ബ്രിട്ടീഷ് രാജ്ഞിയുടെ ഒൗദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ഇതിൽ യാത്രയും ചെയ്യണം.
എന്നാൽ, ഈ യാത്രയ്ക്കു വേണ്ട സുരക്ഷയൊരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾ പറയുന്നത്. രഥത്തിന്റെ നാലു വശങ്ങളും തുറന്നാണിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ മാത്രം സഞ്ചരിക്കുന്ന ഒരാൾക്ക് ഇത്തരമൊരു വാഹനത്തിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന് ഇവർ ചോദിക്കുന്നു.
ട്രംപിന്റെ സന്ദർശനത്തിൽ പ്രതിഷേധവുമായി ആയിരക്കണക്കിനാളുകൾ ഈ ദിവസങ്ങളിൽ ലണ്ടനിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് അവിടത്തെ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ വിഷമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു മുന്നിൽ പുതിയ വെല്ലുവിളിയാവുകയാണ് ട്രംപിന്റെ മോഹം.2011ൽ ബറാക് ഒബാമ ലണ്ടനിലെത്തിയപ്പോൾ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് എത്തിയത്.