കാലിഫോർണിയ: ഡയാന രാജകുമാരി ഈ ലോകത്തോടു വിടപറഞ്ഞിട്ടു കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇവരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവുമൊടുവിൽ രാജകുമാരിയുടെ ടു പീസ് വെൽവെറ്റ് വസ്ത്രം റിക്കാർഡ് വിലയ്ക്കു ലേലത്തിൽ വിറ്റതാണു വാർത്തകളിൽ നിറയുന്നത്.
ഹോളിവുഡ് ലെജൻഡ്സ് ഇവന്റിൽ ജൂലിയൻസ് ഓക്ഷൻസ് എന്ന ലേലക്കമ്പനിയാണ് രാജകുമാരിയുടെ വസ്ത്രം ലേലത്തിൽ വിറ്റഴിച്ചത്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നടന്ന വലിയ ഇവന്റിന്റെ ഭാഗമായിരുന്നു ലേലം. 11,43,000 ഡോളർ (ഏകദേശം ഒന്‍പതര കോടിയിലേറെ രൂപ) എന്ന അന്പരപ്പിക്കുന്ന തുകയ്ക്കാണ് വസ്ത്രം ലേലത്തിൽ പോയത്. ഈ വസ്ത്രത്തിന്റെ യഥാർഥ വില 1,00,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണെന്നാണു കണക്കാക്കുന്നത്.
ഷോൾഡർ പാഡുകൾ, നീല ഓർഗൻസ പാവാട, ബോ എന്നിവയുൾപ്പെടെയുള്ള ഫാഷൻ ഈവനിംഗ് ഡ്രസാണിത്. 1985ൽ ഇറ്റലിയിൽ ഒരു സായാഹ്നത്തിലാണ് ഈ നീല ജാക്വസ് അസാഗുറി രാജകീയവസ്ത്രം ഡയാന ധരിച്ചത്. 1961ൽ ജൂലൈ ഒന്നിനു ജനിച്ച ഡയാന രാജകുമാരി 1997 ഓഗസ്റ്റ് 31നു കാറപകടത്തിലാണു മരിച്ചത്. മാധ്യമവേട്ടയ്ക്കിരയായ വനിതകൂടിയാണു ഡയാന.