എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രാജകീയ വിവാഹം നടന്ന് 80 വർഷങ്ങൾക്ക് ശേഷം വീണ്ടുമിതാ അവരുടെ കല്യാണ വിരുന്ന് വാർത്തകളിൽ ഇടം പിടിക്കുന്നു. 1947 നവംബർ 20 -നാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇവരുടെ വിവാഹം ഗംഭീരമായി കൊണ്ടാടിയത്.
വിവാഹ ചടങ്ങിനിടെ മുറിച്ച കേക്കിന്റെ കഷ്ണം ലേലതതിൽ പോയതാണ് വീണ്ടും സംസാര വിഷയം. 2,200 പൗണ്ടിന് (ഏകദേശം 2 ലക്ഷം രൂപ) ആണ് കേക്ക് വിറ്റു പോയത്. 500 പൗണ്ട് (ഏകദേശം 54,000 രൂപ) ആണ് കേക്കിനു വില പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ വിലയ്ക്കാണ് കേക്ക് വിറ്റു പോയത്.
കേക്ക് ഇനി കഴിക്കാൻ സാധിക്കുന്നതല്ലെങ്കിലും അപൂർവമായ കേക്ക് കഷ്ണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനാണ് വാങ്ങിയത്. യഥാർഥ ബോക്സിൽ തന്നെയാണ് ഇപ്പോഴും കേക്ക് സൂക്ഷിച്ചിരിക്കുന്നത്. രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിന് കൊടുത്ത കേക്കിന്റെ കഷ്ണമാണിത്.
1980-കളിൽ മരിക്കുന്നതുവരെ മരിയോൺ ഈ കേക്ക് ഒരു നിധി പോലെ കാത്തു സൂക്ഷിച്ചു.അവരുടെ മരണശേഷം കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സ്വകാര്യ സമ്പാദ്യത്തിന്റെ കൂട്ടത്തിലാണ് കേക്ക് കണ്ടെത്തിയത്. അതോടൊപ്പം എലിസബത്ത് രാജ്ഞിയുടെ ഒരു കത്തും ഉണ്ടായിരുന്നു.