കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഭരണാനുകൂല സംഘടനാ നേതാവായ അധ്യാപകൻ. ആരോപണവിധേയനായ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബില്നിന്നു ഭീഷണി നേരിട്ട അധ്യാപകനും കൊടുവള്ളി വെണ്ണക്കാട് മേഖലയിലെ പ്രാദേശിക സിപിഎം നേതാവുമായ ഹക്കീം വെണ്ണക്കാടാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്ക ഉന്നയിച്ചത്.
കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മര്‍ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും എംഎസ് സൊല്യൂഷനില്‍ പണം നിക്ഷേപിച്ച പ്രമാണിമാരാണ് പോലീസിനെ സ്വാധീനിക്കുന്നതെന്നും ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഭാരവാഹി കൂടിയായ ഹക്കീം ആരോപിച്ചു.
പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാന്‍ പോലും തയാറായിട്ടില്ലെന്ന് ഹക്കീം വെണ്ണക്കാട് ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്സിനെതിരേ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ഓണ്‍ലൈന്‍ യുട്യൂബ് ട്യൂഷന് ചാനലുകള്‍ പിന്തുടരരുതെന്ന് ഹക്കീം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതറിഞ്ഞ് ഷുഹൈബ് ഹക്കീമിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചക്കാലക്കല്‍ ഹൈസ്കൂള്‍ അധികൃതര്‍ മുമ്പ് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച തെളിവ് നശിപ്പിക്കാന്‍ സമയം നല്കിയ ശേഷമാണ് എംഎസ് സൊല്യൂഷന്‍സില്‍ റെയ്ഡ് നടത്തിയതെന്നും ഷുഹൈബിന് മുന്‍കൂര്‍ജാമ്യം കിട്ടും വരെ ക്രൈംബ്രാഞ്ച് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും അധ്യാപകന് ആരോപിച്ചു.