സീമ മോഹന്‍ലാല്‍
കൊച്ചി: മലപ്പുറം കുഴിമണ്ണ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് ചോദ്യക്കടലാസ് മോഷണം പോയ സംഭവത്തില്‍ അധ്യാപകരില്‍നിന്ന് ലക്ഷങ്ങള്‍ പിഴയീടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
2020 ഡിസംബര്‍ 18ന് മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് ചോദ്യക്കടലാസ് മോഷണം പോയതിനെത്തുടര്‍ന്ന് പുനഃപ്പരീക്ഷ നടത്തിയ വകയില്‍ സര്‍ക്കാരിനുണ്ടായ 38 ലക്ഷം രൂപയാണ് ചീഫ് സൂപ്രണ്ടായ പ്രിന്‍സിപ്പല്‍,
ഡെപ്യൂട്ടി ചീഫുമാരായ രണ്ട് അധ്യാപകര്‍, വാച്ചുമാന്‍ ചുമതലയിലുണ്ടായിരുന്ന ഫുള്‍ ടൈം മീനിയല്‍ (സ്വീപ്പര്‍) എന്നിവരില്‍നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
കോവിഡ് കാലത്ത് നടന്ന ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് എന്നീ ചോദ്യക്കടലാസുകളുടെ 10 വീതം പാക്കറ്റുകളാണ് മോഷണംപോയത്.
സ്കൂളിലെ സിസിടിവി കാമറയില്‍നിന്ന് കള്ളന്റെ ചിത്രവും വാഹനവും ലഭ്യമായെങ്കിലും തുമ്പൊന്നും കിട്ടിയില്ലെന്നു പറഞ്ഞ് പോലീസന്വേഷണം അവസാനിപ്പിച്ച മട്ടിലാണ്.
എസ്എസ്എല്‍സി ചോദ്യക്കടലാസ് സൂക്ഷിക്കുന്നതിന് ട്രഷറിയും പോലീസുമൊക്കെയുണ്ടായിരിക്കേ ഹയര്‍സെക്കന്‍ഡറി ചോദ്യക്കടലാസ് സൂക്ഷിക്കുന്നത് സ്കൂള്‍ അലമാരകളില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ്.
ഇതിന്റെ ചുമതല പ്രിന്‍സിപ്പാളിനാണ്. ക്ലാര്‍ക്കും പ്യൂണുമടക്കമുള്ള നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ഹയര്‍സെക്കന്‍ഡറിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹൈസ്കൂളിലെ പ്യൂണ്‍, എഫ്ടിഎം തസ്തികയിലുള്ളവര്‍ക്കാണ് വാച്ചുമാന്‍ ചുമതല.
2016ല്‍ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന മുറിയില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്നാണ് കുഴമണ്ണ സ്കൂളിലെ അനുഭവം.
പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയതിന് സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഡി.ഗീതയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
2021 മാര്‍ച്ച് 31 ന് ഇവര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അച്ചടക്ക നടപടിയുടെ തീരുമാനത്തിന് വിധേയമായി ഇവരെ സര്‍വീസില്‍ പുന:പ്രവേശിപ്പിച്ച് കോഴിക്കോട് പുതുപ്പാടി ഗവ. എച്ച്എസ്എസില്‍ നിയമിക്കുകയും ഉണ്ടായി.
ഇവര്‍ വിരമിച്ചെങ്കിലും സര്‍ക്കാര്‍ നല്കിയ കുറ്റാരോപണ പത്രികയ്ക്ക് നല്കിയ പ്രതിവാദ പത്രിക തൃപ്തികരമല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അന്ന് പരീക്ഷയുടെ ചീഫ് സൂപ്രണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ഡി. ഗീത സര്‍വീസില്‍നിന്ന് പിരിഞ്ഞിട്ട് രണ്ടര വര്‍ഷമായെങ്കിലും അച്ചടക്ക നടപടി തുടരുകയാണ്.
അധ്യാപികയുടെ ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റ്യുവിറ്റിയായ 14 ലക്ഷത്തോളം രൂപ ഇപ്പോഴും ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചുവച്ചിരിക്കുകയാണ്. ഇതില്‍നിന്ന് 10.5 ലക്ഷത്തോളം രൂപ ഈടാക്കാനാണ് നീക്കം.
ഇതിനുപുറമേ പെന്‍ഷന്‍തുകയില്‍നിന്ന് ആജീവനാന്തം 2500 രൂപവീതവും പിടിക്കുമെന്നാണ് അറിയുന്നത്. അധ്യാപകനായ ടി. മുഹമ്മദാലിയും എഫ്.ടി.എം. ആയ ടി. അബ്ദുള്‍സമദും ഈ വര്‍ഷം വിരമിച്ചു.
16 വര്‍ഷം മാത്രം സര്‍വീസുള്ള മുഹമ്മദലിയും പത്തരലക്ഷത്തോളം രൂപ അടയ്ക്കണം. തുച്ഛമായ മാസശമ്പളം കൈപ്പറ്റി വിരമിച്ച അബ്ദുള്‍ സമദിന് പിഴയടച്ചാല്പ്പിന്നെ അക്കൗണ്ടില്‍ കാര്യമായൊന്നും ബാക്കിയില്ലാത്ത സ്ഥിതിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.
സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ, ചോദ്യക്കടലാസ് മോഷണം പോയതിന്റെ പേരില്‍ അധ്യാപകരില്‍നിന്ന് വന്‍തുക പിഴയീടാക്കാനുള്ള നീക്കം ഞെട്ടിക്കുന്നതും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്.
ഹയര്‍സെക്കന്‍ഡറി അധ്യാപകരോടുള്ള പ്രതികാരനടപടിയില്നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എ എച്ച് എസ് ടി എ ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.