കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കൊടുവള്ളി എംഎസ് സൊല്യൂഷനിലെ രണ്ട് അധ്യാപകര്‍ക്കു വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 30നും 31നും ഹാജരാകാനാണ് അധ്യാപകരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിട്ടും രണ്ടുപേരും ഹാജരായിരുന്നില്ല. ഇത്തവണ ഹാജരായില്ലെങ്കില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു.
അധ്യാപകരായ ജിഷ്ണുവിനോട് 30നും ഫഹദിനോട് 31നും ഹാജരാകാനാണു നോട്ടീസ്. അവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇവര്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് സംശയമുയര്‍ത്തിയിട്ടുണ്ട്. അറസ്റ്റിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ക്ക് നിയമോപദേശം ലഭിച്ചതിനാല്‍ മുങ്ങിയെന്നാണു സൂചന.
ഈ സ്ഥാപനത്തിന്റെ സിഇഒ ഷുഹൈബും ഒളിവിലാണ്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ ഒളിവില്‍ കഴിയുന്നതായി പോലീസിനു സംശയമുണ്ട്. ഷുബൈിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഇയാളുെട ബന്ധുവീടുകളില്‍ അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 31നാണ് കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് ഇയാളെ പിടികൂടാന്‍ നീക്കമുണ്ടെങ്കിലും ഇക്കാര്യത്തില്‍ മെല്ലെപ്പോ ക്കാണുള്ളത്.