ചോദ്യം: ലോക്ക് ഡൗണ്‍ 30 ദിവസമായിട്ടും വിമാന, റെയിൽ, ബസ് സർവീസുകൾ നിർത്തി ഒരു മാസത്തിനു മുകളിൽ ആയിട്ടും ഇപ്പോഴും വിദേശത്തുനിന്ന് എത്തിയവർക്കു പുതുതായി രോഗം കണ്ടുപിടിക്കപ്പെടുന്നത് എന്തുകൊണ്ട്? നമ്മുടെ ക്വാറന്റൈൻ കാലയളവ് കൂട്ടണോ?
ഉത്തരം: ഇൻക്യൂബേഷൻ പീരീഡ് എന്നാൽ രോഗാണു (വൈറസ്) മനുഷ്യശരീരത്തിൽ കയറി ആദ്യ രോഗലക്ഷണങ്ങൾ കാണുന്നതുവരെ ഉള്ള സമയമാണ്.
ഇതു കോറോണയുടെ കാര്യത്തിൽ ശരാശരി ആറു ദിവസമാണ് (ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു മാക്സിമം 14 ദിവസവും). ആയതിനാൽത്തന്നെ നമ്മുടെ ക്വാറന്റൈൻ പീരീഡ് ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു 14 ദിവസവും കേരള സർക്കാർ പറയുന്നതനുസരിച്ചു 28 ദിവസവുമാണ്.
ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടിട്ടും വീണ്ടും വിദേശത്തുനിന്നു വന്നവർക്കു കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതകൾ ഇങ്ങനെ
- രോഗിക്ക് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽതന്നെ ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. അതു കാര്യമാക്കുന്നില്ല. പിന്നീട് ദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ മൂർച്ഛിക്കുന്പോൾ ടെസ്റ്റ് ചെയ്യുന്നു.
- ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ടെസ്റ്റ് ചെയ്തിരുന്നെങ്കിലും ഇത്തരം രോഗികൾ പോസിറ്റീവ് ആയേനെ. ആർടി പിസിആർ ടെസ്റ്റ് പോസിറ്റീവ് ആയാൽ നെഗറ്റീവ് ആകണമെങ്കിൽ ദിവസങ്ങളോ ആഴ്ചകളോ എടുക്കാം. (ഉദാ :- കോഴഞ്ചേരി ആശുപത്രിയിലെ രോഗി).ആയതിനാൽ ടെസ്റ്റ് പോസിറ്റീവ് എന്നു വച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടായതുമായി ബന്ധമുണ്ടാകണമെന്നില്ല.
- ചിലരിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും രോഗലക്ഷണങ്ങൾ (asymptomatic patients). ഇപ്പോൾ പലയിടങ്ങളിലും വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതിനാൽ വിദേശത്തുനിന്നു വന്നവർക്കു രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ടെസ്റ്റ് ചെയ്യുന്നുണ്ട്.അതുമൂലം asymptomatic patients കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു.
- ചിലരിൽ രോഗം ഭേദമായാലും നിർജീവമായ വൈറസ് പാർട്ടിക്കിൾസ് പുറന്തള്ളപ്പെടാം. ഇതിനുള്ളിലെ viral rna sb pcr ടെസ്റ്റ് കണ്ടുപിടിക്കുകയും പോസിറ്റീവ് എന്ന് കാണിക്കുകയും ചെയ്യുന്നു.
ഇത്തരം പാർട്ടിക്കിൾസ് രോഗം പരത്തില്ല. (infectivity) - ഇൻക്യൂബേഷൻ പീരീഡ് കൂടിയാലും ഇങ്ങനെ ഉണ്ടാകാം. പക്ഷേ, അതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ തെളിയിക്കുന്നത്.
- വിദേശത്തുനിന്നു വന്ന ഒരാൾക്കു നാട്ടിലുള്ള ഒരു രോഗിയിൽനിന്നു രോഗം പകർന്നു കിട്ടിയാലും ഇങ്ങനെ ഉണ്ടാകാം.
അതായത് ആർടി പിസിആർ ടെസ്റ്റ് 30-ാം ദിവസം വിദേശത്തുനിന്നെത്തിയ ഒരാൾക്കു പോസിറ്റീവാകുന്നു. അതെ ആളിൽ രണ്ടാഴ്ച മുൻപ് ഇതേ ടെസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതേ റിസൾട്ട് ലഭിച്ചേനെ. ആയതിനാൽ ക്വാറന്റൈൻ കാലാവധി നീട്ടേണ്ട ആവശ്യകത തത്കാലം ഉണ്ടെന്നു തോന്നുന്നില്ല.
ഡോ. ബിബിൻ പി. മാത്യു
സെക്രട്ടറി
കോട്ടയം ഐഎംഎ