കുമരകം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മലയാളികൾക്ക് ക്വാറന്റൈൻ സൗജന്യമാണെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി. കുമരകത്തുനിന്നു കോട്ടയം സ്വകാര്യ ആശുപത്രിയിൽ എത്തിയ കുമരകം സ്വദേശിനിയോട് ക്വാറന്റൈനായി ആശുപത്രി അധികൃതർ മുറിവാടകയായി പ്രതിദിനം 500 രൂപയും ഭക്ഷണത്തിനായി പണവും നൽകണമെന്ന് ആവശ്യപ്പെട്ടതായി പരാതി.
ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ട് പണം നൽകേണ്ടതില്ലന്ന് അറിയിച്ചെങ്കിലും ആശങ്ക തുടരുകയാണ്.
കുമരകത്ത് എത്തുന്നവരുടെ താമസത്തിനായി നക്ഷത്രഹോട്ടലുകളാണ് അധികൃതർ ഒരുക്കിയിരുന്നത്. ഇതോടെ അഭയംതേടി ജന്മനാട്ടിലെത്തിയ കുമരകത്തുകാർ ആശങ്കയിലായി.
പണം ഇല്ലന്നറിയിച്ച വ്യക്തികളുടെ വീടുകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി ഹോം ക്വാറന്റൈൻ അനുവദിച്ചു നൽകിത്തുടങ്ങി. ഇന്നുവരെ 19 പേരാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നു കുമരകത്ത് എത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞിരുന്നവരും ചെന്നൈ, ബംഗളൂരൂ, മുംബൈ തുടങ്ങിയ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളിൽനിന്ന് എത്തിയവരുമാണ് അധികവും.
കുമരകത്തെ 24 ഹോട്ടലുകൾ റവന്യൂ വിഭാഗം ഏറ്റെടുത്തിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ തോമസ്കുട്ടി പറഞ്ഞു. കുമരകത്ത് എത്തിച്ചേരുന്നവരുടെ ഭക്ഷണം അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ പറഞ്ഞു.