ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി സൂപ്പർതാരം രജനീകാന്തിന്റെ നായികയാകുന്നു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുക. വിദ്യാ ബാലൻ രജനീകാന്തിന്റെ നായികയാകുമെന്ന് ആയിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ അവസാനനിമിഷം വിദ്യാ ബാലൻ ചിത്രത്തിൽനിന്നും ഒൗട്ടാകുകയായിരുന്നു. നായിക വേഷം ചെയ്യാൻ ഹുമ ഖുറേഷി കറക്ട് ആണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഹുമ സമ്മതം മൂളിയെന്നാണ് വിവരം. പ്രത്യേകിച്ച് രജനീകാന്തിന്റെ നായികയാകുന്നതിന്റെ സന്തോഷവും താരം പ്രകടിപ്പിച്ചുവത്രേ. മേയ് 28ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രജനീകാന്തിന്റെ മരുമകനും പ്രമുഖ നടനുമായ ധനുഷ് ആയിരിക്കും ചിത്രം നിർമിക്കുക. മമ്മൂട്ടി നായകനായി അഭിനയിച്ച വൈറ്റ് എന്ന ചിത്രമാണ് ഹുമ അവസാനമായി അഭിനയിച്ച തെന്നിന്ത്യൻ ചിത്രം.