ജോൺസൺ പൂവന്തുരുത്ത്
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി ലോകത്തിന്റെ വഴികൾ ഖത്തറിലേക്ക് ഒഴുകാൻ ഇനി മാസങ്ങൾ മാത്രം.
ഫുട്ബോൾ ഉത്സവത്തിനെത്തുന്ന ബഹുഭൂരിപക്ഷവും തിരികെ മടങ്ങുന്പോൾ ലോകകപ്പിന്റെ ഒാർമയ്ക്കായും പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനുമൊക്കെ എന്തെങ്കിലും വാങ്ങി കൈയിൽ കരുതും. അഭിമാനത്തോടെ ഒാർക്കാം, അതിലൊക്കെയും ഒരു മലയാളി സ്പർശം മായാതെയുണ്ടാകും.
ലോകകപ്പ് ഫുട്ബോളിനായി ഖത്തർ അണിഞ്ഞൊരുങ്ങുന്പോൾ വരയും കുറിയും രൂപകല്പനയുമായി അഴകു വിടർത്തുകയാണ് ഒരു മലയാളി യുവാവ്.
കോട്ടയം ചിങ്ങവനം സ്വദേശിയായ ചിത്രകാരൻ അഭിലാഷ് കെ. ചാക്കോയാണ് ഖത്തറിന്റെ ലോകകപ്പ് മിഴിവുകളിൽ മലയാളിമുദ്രയായി മാറിയിരിക്കുന്നത്.
ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾക്കുള്ള ലോക്കൽ സമിതിയുടെ മീഡിയ-കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലിക്കാരനാണ് അഭിലാഷ്.
ഡിസൈനറായി തുടക്കം
ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കായികരംഗത്തിന്റെ ചാരുത പേറുന്ന ആയിരക്കണക്കിനു കൗതുക വസ്തുക്കളും കൾച്ചറൽ ഗിഫ്റ്റുകളും സ്പോർട്സ് സാമഗ്രികളുമാണ് ഖത്തർ ഇതിനകം പുറത്തിറക്കിയിരിക്കുന്നത്. ഇവയിൽ പലതിന്റെയും ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്.
പതിനഞ്ച് വർഷങ്ങൾക്കു മുന്പാണ് അഭിലാഷ് തന്റെ ബ്രഷും ചായവുമായി ഖത്തറിലെത്തിയത്. ആസ്പയർ സോൺ ഫൗണ്ടേഷന്റെ കീഴിൽ പുറത്തിറങ്ങിയ ദോഹ സ്റ്റേഡിയം എന്ന സ്പോർട്സ് മാഗസിന്റെ ഡിസൈനർ ആയിട്ടായിരുന്നു തുടക്കം.
ഇപ്പോൾ ഖത്തറിൽ സർക്കാരിന്റേത് അടക്കമുള്ള നിരവധി മ്യൂസിയങ്ങൾക്കായി ചിത്രങ്ങളും പെയിന്റിംഗുകളും ആശയങ്ങളും അഭിലാഷ് ചെയ്തു നൽകുന്നു.
മനംകവരുന്ന ‘പാ’
ചിത്രകലാ രംഗത്തും ഡിസൈനിംഗ് രംഗത്തും അഭിലാഷിന്റെ മികവ് തിരിച്ചറിഞ്ഞു പല പ്രോജക്ടുകളും അഭിലാഷിനെ തേടി എത്തുന്നു.
അഭിലാഷ് ഡിസൈൻ ചെയ്ത നൂറുകണക്കിനു കൗതുക വസ്തുക്കളും ഖത്തർ സംസ്കാരത്തെ അടിസ്ഥാനമാക്കി തയാറാക്കിയ നിരവധി ഗിഫ്റ്റ് ഉത്പന്നങ്ങളും ചിത്രങ്ങളുമൊക്കെ ഖത്തറിലും പുറത്തുമുള്ള ഗിഫ്റ്റ് ഷോപ്പുകളിലും മ്യൂസിയങ്ങളിലും ഇതിനകം ലഭ്യമാണ്.
ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി, ഖത്തർ പുതുതായി ലോകത്തിനു സമർപ്പിച്ച 321 മ്യൂസിയത്തിനു വേണ്ടി വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്ന ‘പാ’(Passion and Action) എന്ന പിക്ടോഗ്രാം കഥാപാത്രത്തിനു അഭിലാഷ് രൂപം നൽകിയിരുന്നു.
‘പാ’ കൗതുകമുണർത്തുന്ന ചെറിയ ശില്പങ്ങളായും നിരവധി ഗിഫ്റ്റ് വസ്തുക്കളായും ലോകത്തിലെതന്നെ മുൻനിരയിലുള്ള ഖത്തർ 321 സ്പോർട്സ് മ്യൂസിയത്തിൽ നിറഞ്ഞിട്ടുണ്ട്. ഖത്തറിലെ മ്യൂസിയങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ഇൻ ക്യു അഭിലാഷിനെ ഇന്റർവ്യൂ ചെയ്തു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
സിനിമാ രംഗത്തും
വാട്ടർ കളറിൽ അഭിലാഷ് ചെയ്ത ഖത്തറിലെ ഭരണാധികാരികളുടെ പെയിന്റിംഗുകൾ ഖത്തർ നാഷണൽ മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ്.
മലയാള സിനിമാരംഗവും ഈ പ്രതിഭയുടെ മികവ് ഇതിനകം തൊട്ടറിഞ്ഞു. രോമാഞ്ചം, തിങ്കളാഴ്ച നിശ്ചയം, ഇൻഷാ, അമ്പിളി തുടങ്ങിയ ചിത്രങ്ങളുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്.
സ്കൂൾ കോളജ് കാലഘട്ടങ്ങൾ മുതൽ ചിത്രരചനയിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള അഭിലാഷ് കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ ചാക്കോ – സെലിൻ ദന്പതികളുടെ പുത്രനാണ്. ഭാര്യ: സൗമ്യ. മക്കൾ: മിഖ, മിൻസ.