കടക്കല്‍ : കടക്കൽപോലീസിന്റെ നടപടി വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന മുന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര് ബാലകൃഷണപിള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്നത്.
ഈ സമയം ഇവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നോക്കിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന ഇടതുമുന്നണി നേതാക്കള്‍ അദേഹത്തിന്റെ വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കടക്കല്‍ പോലീസിന്റെ നിരുത്തരവാദപരമായ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ആര് ബാലകൃഷണപിള്ളയുടെ മകനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ്കുമാര് രംഗത്തെത്തി.
സമ്മേളന വേദിയില്‍ അദ്ദേഹം കുഴഞ്ഞുവീണപ്പോള്‍ അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിക്കുന്നതിനോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനോ പോലീസ് ഒന്നും ചെയ്തില്ല. പോലീസിന്റെ നിരുത്തരവാദമായ നടപടിയില്‍ എസ് പി സ്വമേധയാ അന്വേഷണം നടത്തണം. ഉത്തരവാദിത്വം നിറവേറ്റാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണമെന്നും കെ ബി ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും എങ്ങും നല്‍കില്ല എന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്‍ത്തു
കടക്കല്‍ പൊലീസിനെതിരെ നിരവധി പരാതികളാണ് അടുത്ത സമയത്തായി ഉയര്‍ന്നുവന്നത്. പരാതി നല്‍കാനെത്തിയ വൃദ്ധനെ കാണാന്‍ സിഐ കൂട്ടക്കതിരുന്നതിനെ തുടര്‍ന്ന് വൃദ്ധന് സ്റ്റേഷന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചത് അടുത്തിടെയാണ്.
തെരഞ്ഞെടുപ്പ് സമയം ആയതിനാല്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ആനുകൂല്യമാണ് പോലീസുകാര്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായ നടപടികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.