തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു.
വിസി നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍വകലാശാല വിസി നിയമനത്തിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവും അവസാനം പോര് നടന്നത്. വിസി നിയമന രീതി ആകമാനം മാറ്റിമറിക്കുന്ന നിയമഭേദഗതി ഓര്ഡിനന്സാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു.
സര്‍വകലാശാല പ്രതിനിധിയെ നല്കാത്തതിനാല് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം നിയമിക്കണമെന്നാണ് ഭേദഗതിയുടെ കരട് പറയുന്നത്. എന്നാല്‍ ഇതടക്കം 11 ഭേദഗതികള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ അസാധുവായിരുന്നു.