കൊല്ലം: കറകളഞ്ഞ കമ്യൂണിസ്റ്റുകാരനും സൗമ്യനായ പൊതുപ്രവർത്തകനുമായിരുന്നു അന്തരിച്ച സിപിഐ നേതാവ് ആർ. രാമചന്ദ്രൻ. കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
മിതമായ സംഭാഷണ രീതിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പാർട്ടി കമ്മിറ്റികളിലടക്കം ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ പോലും ഒരിക്കലും അദ്ദേഹം ആരോടും ക്ഷോഭിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം കൊല്ലത്ത് സിപിഐയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.
1952 ഒക്ടോബർ 15ന് കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരി യമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു.
വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രീയ ആദർശങ്ങളിൽ ആകൃഷ്ടനായി. എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എഐ എസ്എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
1978ൽ സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. 1982ൽ താലൂക്ക് കമ്മിറ്റി വിഭജിച്ച് കരുനാഗപ്പള്ളി ,ചവറ മണ്ഡലം കമ്മറ്റികൾ രൂപീകരിച്ചപ്പോൾ കരുനാഗപ്പള്ളിയുടെ സെക്രട്ടറിയായി.
2000ൽ കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2006 ൽ സിഡ്കോ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
2012 മുതൽ 2016 വരെ സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊല്ലം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു.
കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ. രാമചന്ദ്രൻ (71) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 നായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ്. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.
ഭൗതിക ശരീരം ഉച്ചയ്ക്ക് 1.30 ന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ ചിന്നക്കട എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതിക ശരീരം ഉച്ചകഴിഞ്ഞ് മൂന്നിന് സിപിഐ ചവറ മണ്ഡലം കമ്മിറ്റി ഓഫീസിലും വൈകുന്നേരം നാലിന് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ പത്തിന് കരുനാഗപ്പള്ളിയിലെ വസതിയിൽ. ഭാര്യ: പ്രിയദർശിനി (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ, ട്രാവൻകൂർ ദേവസ്വം ബോർഡ്), മകൾ: ദീപ ചന്ദ്രൻ, മരുമകൻ: അനിൽ കുമാർ.
എസ്.ആർ. സുധീർ കുമാർ