300 കോടി ബജറ്റ് ഇട്ട ആര്‍.എസ് വിമലിന്റെ കര്‍ണന് എന്തുപറ്റി;നിര്‍മാതാവായ അമേരിക്കക്കാരന്‍ പിന്മാറിയപ്പോഴും ചിത്രം പുറത്തിറങ്ങുമെന്ന് പറഞ്ഞ സംവിധായകന് ഇപ്പം മിണ്ടാട്ടമില്ല

തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി കര്‍ണന്‍ ചെയ്യുന്നു എന്ന് ആര്‍.എസ് വിമല്‍ പ്രഖ്യാപിച്ചത് മലയാള സിനിമാ ആരാധകരെയാകെ ത്രസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.300 കോടി ബജറ്റില്‍ അമേരിക്കന്‍ വ്യവസായി വേണു കുന്നപ്പള്ളി ചിത്രം നിര്‍മിക്കുമെന്നായിരുന്നു വിമല്‍ പ്രഖ്യാപിച്ചത്. ”ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്‍ണ്ണന്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്” ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണിത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ പടത്തിനെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല.

തന്റെ സ്വപ്‌ന സിനിമയെന്ന് വിമല്‍ വിശേഷിപ്പിച്ച ചിത്രം ആദ്യം 50 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ചിത്രം പ്ര്ഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ലൊക്കേഷന്‍ തേടി ആര്‍എസ് വിമല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രകളും ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിയില്‍ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കാന്‍ സമ്മതിച്ചിരുന്നത്. സംവിധായകന്‍ ആര്‍എസ് വിമലുമായുള്ള ഭിന്നത മൂലം യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പ്രോജകക്ടില്‍ നിന്ന് പിന്മാറുകയാണെന്ന് ഇതിനു പിന്നാലെ വാര്‍ത്ത വന്നു. ഇതോടെയാണ് കര്‍ണ്ണന്‍ പ്രതിസന്ധിയിലാകുന്നത്. എപ്പോഴും വാക്കുമാറ്റുന്നതാണ് വിമലിന് വിനയായത്. കര്‍ണന്റെ പ്രാരംഭ ജോലികള്‍ക്കായി വേണു ഒരു കോടിയോളം രൂപ നല്‍കിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിമല്‍ തുടങ്ങുകയും ചെയ്തു. ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമല്‍ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് വിമല്‍ തന്നെ സിനിമയുടെ ബജറ്റ് 100 കോടിയാക്കി ഉയര്‍ത്തി. അവിടെയും തീര്‍ന്നില്ല എന്നു നിന്റെ മൊയ്തീന്റെ വാര്‍ഷികാഘോഷത്തില്‍ ബജറ്റ് 300 കോടിയായി പ്രഖ്യാപിച്ചതോടെ വേണു പെട്ടി മടക്കി. പടത്തിന് 25 കോടിയ്ക്കപ്പുറം മുടക്കാനാവില്ലെന്നായിരുന്നു വേണുവിന്റെ തീരുമാനം.

25 കോടി മുടക്കിയാല്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ പണം തിരിച്ചുപിടിക്കുക അത്രയെളുപ്പമല്ലെന്നും ഇദ്ദേഹം കണക്കുകൂട്ടുന്നു. പുലിമുരുകന്‍ പോലും 150 കോടിയ്ക്കപ്പുറം നേടിയിട്ടില്ലെന്നിരിക്കെ 300 കോടിയ്ക്ക് എങ്ങനെ പടം പിടിക്കുമെന്നും വേണു ചിന്തിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിലൂടെയാണ് നിര്‍മാതാക്കള്‍ ആദ്യ ഭാഗത്തിലെ നഷ്ടം നികത്തിയത്. ഈ നിര്‍മ്മാതാവിന്റെ സമ്മതമില്ലാതെ കര്‍ണ്ണനുമായി മുന്നോട്ടു പോകാനും വിമലിന് കഴിയില്ല. കര്‍ണ്ണന് വേണ്ടി തുടക്കത്തില്‍ മുടക്കിയ പണമാണ് ഇതിന് കാരണം. ഇതോടെ സിനിമയുടെ അവകാശം സംവിധായകനില്‍ നിന്ന് നിര്‍മ്മാതാവിന് ആയി. നിര്‍മ്മാതാവില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മാത്രമേ മറ്റൊരു നിര്‍മ്മാതാവിനെ കൊണ്ട് പോലും സിനിമ നിര്‍മ്മിക്കാന്‍ നിയമപരമായി കഴിയൂ.

സിനിമ എന്നു തുടങ്ങുമെന്ന ചോദ്യം ഉയരുന്നത് ഇതാദ്യമല്ല. പലപ്പോഴും സംവിധാകന്‍ വിശദീകരണവുമായി എത്തിയെങ്കിലും ആ വാക്കുകള്‍ക്ക് ഉറപ്പുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ ചിത്രം പുറത്തിറക്കാനും വിമലിനു പദ്ധതിയുണ്ടായിരുന്നു. രണ്ടായിരത്തോളം സ്‌ക്രീനുകളില്‍ ഒരേസമയം പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ വലിയൊരു സിനിമയായിട്ടാണ് കര്‍ണ്ണനെ ഒരുക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ എന്ന പേരില്‍ മധുപാല്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയും പാതി വഴിയില്‍ നിന്നു പോയി. വിമലിന്റെ കര്‍ണനായ പൃഥിരാജ് പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ ഏറെക്കുറെ സ്ഥിരീകരണവുമായി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പൃഥിയുടെ ഷെഡ്യൂളിലും കര്‍ണനെ കാണാനാവില്ല. അതിനാല്‍ തന്നെ ആര്‍എസ് വിമലിന്റെ കര്‍ണന്‍ അദ്ദേഹത്തിന്റെ മനസില്‍ തന്നെ അകാലചരമം പ്രാപിച്ചെന്നു പറയാം.

 

Related posts