കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസിന്റെ മുതിർന്ന നേതാവ് ആര്.ബാലശങ്കർ. സംസ്ഥാന നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപർ കൂടിയായ ബാലശങ്കർ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ്. ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ധാരണയുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ധാരണയെന്നും ബാലശങ്കര്‍ പറയുന്നു.
കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും.
ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ ചോദ്യം ചെയ്തയാളാണ് പറയുന്നത്. ഈ നേതൃത്വവുമായാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോവുന്നതെങ്കില്‍ മുപ്പതു കൊല്ലത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ സംഘം മാറാതെ രക്ഷയില്ലെന്നു ബാലശങ്കര്‍ പറഞ്ഞു.