ദുബായ്: ഐസിസി ലോക ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാഡ ഒന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ഒന്നാം സ്ഥാനം ഇതോടെ നഷ്ടപ്പെട്ടു. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവർ മൂന്നും നാലും സ്ഥാനത്തേക്ക് ഇറങ്ങി.
ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരന്പരയിൽ തിളങ്ങാൻ സാധിക്കാത്തതാണ് ജസ്പ്രീത് ബുംറെയ്ക്കും ആർ. അശ്വിനും തിരിച്ചടിയായത്. 860 റേറ്റിംഗ് പോയിന്റാണ് റബാഡയ്ക്ക്. ഹെയ്സൽവുഡിന് 847ഉം ജസ്പ്രീത് ബുംറയ്ക്ക് 846ഉം അശ്വിന് 831ഉം റേറ്റിംഗാണുള്ളത്.
ജയ്സ്വാൾ മൂന്നിൽ
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഏക ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ. 790 റേറ്റിംഗ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യശസ്വി ജയ്സ്വാൾ. ഇന്ത്യൻ യുവതാരത്തിന്റെ ഏറ്റവും ഉയർന്ന റാങ്കിംഗാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലൻഡിന്റെ കെയൻ വില്യംസണ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് അഞ്ചു സ്ഥാനം പിന്നോട്ടിറങ്ങി 11ലും സൂപ്പർ താരം വിരാട് കോഹ്ലി ആറു സ്ഥാനം നഷ്ടപ്പെട്ട് 14ലും എത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒന്പതു സ്ഥാനം പിന്നോട്ടിറങ്ങി 24ലേക്കു വീണു.