തളിപ്പറമ്പ്: റബ്കോ വെളിച്ചെണ്ണ ഫാക്ടറി ഉദ്ഘാടന ഓഫര്‍ വ്യാപാരികള്‍ക്ക് ചാകരയായി. ഇന്നലെ നാടുകാണിയില്‍ മന്ത്രി ഇ.പി.ജയരാജനാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസത്തെ ഓഫറായി 200 രൂപ വിലയുള്ള ഒരു കിലോ വെളിച്ചെണ്ണ പകുതി വിലക്ക് വില്‍ക്കാനായി ഇവിടെ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു.
ഇതറിഞ്ഞ ഏതാനും വ്യാപാരികള്‍ ഒന്നിച്ച് വെളിച്ചെണ്ണ പാക്കറ്റുകളെല്ലാം നൂറ് രൂപ വെച്ച് മൊത്തത്തില്‍ വാങ്ങുകയായിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന മറ്റുള്ളവര്‍ക്ക് വെളിച്ചെണ്ണ ലഭിച്ചില്ല. സംഭവം വിവാദമാവുകയും വാക്കേറ്റം നടക്കുകയും ചെയതതോടെ ഉന്നതര്‍ ഇടപെട്ട് ഉദ്ഘാടന ഓഫര്‍ പരിപാടി നിര്‍ത്തിവച്ചു.
200 രൂപ എംആര്‍പി രേഖപ്പെടുത്തിയ വെളിച്ചെണ്ണ പാക്കറ്റ് പകുതി വിലക്ക് കിട്ടിയ വിരലിലെണ്ണാവുന്ന വ്യാപാരികള്‍ക്ക് റബ്കോ ഫാക്ടറി ഉദ്ഘാടനം ചാകരക്കുള്ള അവസരമായി. നിയന്ത്രണമില്ലാതെ വെളിച്ചെണ്ണ വിലകുറച്ച് നല്‍കിയത് വലിയ വിമര്‍ശനത്തിന് കാരണമായിരിക്കയാണ്.