ന്യൂഡൽഹി: സാന്പത്തിക ഉത്തേജകപദ്ധതി സാന്പത്തിക പരിഷ്കാര പദ്ധതിയാക്കി മാറ്റി. പദ്ധതിയുടെ നാലാം ഭാഗം ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ നിർണായക മേഖലകളിൽ വിദേശമൂലധനം അനുവദിച്ചു. കൂടുതൽ മേഖലകൾ സ്വകാര്യവത്കരിക്കുമെന്നും പ്രഖ്യാപിച്ചു.
പ്രത്യേക ആശ്വാസ-ക്ഷേമ പദ്ധതികളൊന്നും ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചില്ല. പദ്ധതിയുടെ അവസാനഭാഗം ഇന്നു 11 ന്് അവതരിപ്പിക്കും.
പ്രതിരോധ ഉത്പാദനം
പ്രതിരോധ ഉത്പാദന മേഖലയിൽ 74 ശതമാനം വിദേശനിക്ഷേപത്തിനു പ്രത്യേക അനുമതി വേണ്ടെന്നാക്കി. സുരക്ഷാ അനുമതി മാത്രമേ ആവശ്യമുള്ളൂ.
49 ശതമാനമായിരുന്ന പരിധി ഇങ്ങനെ മാറ്റിയതു വിദേശ ആയുധ-യുദ്ധ വിമാന നിർമാതാക്കളെ സഹായിക്കും. കൂടുതൽ വിദേശനിക്ഷേപം ഈ രംഗത്തുവന്നാൽ പിന്നീട് ആയുധ ഇറക്കുമതിയും മറ്റും നിയന്ത്രിക്കാനാവും.
കുറേ ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കാനുള്ള സമയപട്ടിക പുറത്തിറക്കും. വിദേശനിക്ഷേപം വഴി ഇന്ത്യയെ ആയുധ കയറ്റുമതി കേന്ദ്രമാക്കാനാണു ലക്ഷ്യമിടുന്നത്.
ഓർഡ്നൻസ് ഫാക്ടറി ബോർഡ് കന്പനിയാക്കി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. ഇപ്പോൾ രാജ്യത്തെ ആയുധനിർമാണം പ്രധാനമായും ഈ സ്ഥാപനത്തിലാണ്. ലിസ്റ്റ് ചെയ്യുന്നതോടെ ഇതിലേക്കു സ്വകാര്യനിക്ഷേപവും എത്തിക്കാം.
ബഹിരാകാശം, അണുശക്തി
ബഹിരാകാശ പര്യവേക്ഷണത്തിലും മറ്റും സ്വകാര്യമേഖലയെ ഉൾപ്പെടുത്തുന്നതു രാജ്യത്തു ശാസ്ത്രഗവേഷണം വികസിപ്പിക്കാൻ സഹായിക്കും. ഉപഗ്രഹങ്ങളിലൂടെ ബഹിരാകാശത്തുനിന്നും വിദൂര സംവേദനത്തിലൂടെ ഭൂമിയിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താനുമാകും.
അണുശക്തിഗവേഷണത്തിൽ സ്വകാര്യപങ്കാളിത്തം മെഡിക്കൽ ഉപയോഗത്തിനുള്ള ഐസോടോപ്പുകളുടെയും മറ്റും നിർമാണം വർധിപ്പിക്കാൻ സഹായിക്കും. ഭക്ഷ്യസംസ്കരണ വ്യവസായത്തിനുവേണ്ട ഇറേഡിയേഷൻ സാങ്കേതികവിദ്യയിലും വളർച്ച പ്രതീക്ഷിക്കാം.
ഖനികളും കൽക്കരിയും
ധാതുഖനനം, കൽക്കരി ഖനനം, കൽക്കരിയിൽനിന്നുള്ള മീഥെയ്ൻ വാതകശേഖരണം, മീഥെയ്ൻ ദ്രവീകരണം തുടങ്ങിയവ ലേലം ചെയ്തു സ്വകാര്യമേഖലയെ ഏല്പിക്കും.
ഇപ്പോൾ സർക്കാർ കുത്തകയിലാണിതെല്ലാം. ലോകത്തിൽ ഏറ്റവുമധികം കൽക്കരിശേഖരമുണ്ടായിട്ടും നമുക്ക് വലിയ ഇറക്കുമതി വേണ്ടിവരുന്നു. ഇതു പരിഹരിക്കാൻ സ്വകാര്യവത്കരണം സഹായിക്കുമെന്നാണു പ്രതീക്ഷ.
വിമാനത്താവള വികസനപദ്ധതികൾ മുൻ പ്രഖ്യാപിച്ചതുപോലെ മുന്നോട്ടുപോകും. കൂടുതൽ വ്യോമപാതകൾ സിവിൽ വ്യോമയാനത്തിനു വിട്ടുകൊടുക്കുന്നതു യാത്രാദൂരവും ചെലവും കുറയ്ക്കും. ഇതു വിമാനയാത്രക്കൂലി കുറച്ചേക്കും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കും.