സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ ഉയരുന്നത്. ബോളിവുഡില്‍ സ്വജനപക്ഷപാതം ശക്തമാണെന്നും ചില അഭിനേതാക്കളെ താരങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്നും അഭിപ്രായപ്പെട്ട് രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി തുടങ്ങിയവര്‍ രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ പലതലങ്ങളിലുമെത്തി.
പ്രമുഖ താരങ്ങളുടെ പ്രതികരണത്തിനു പിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാന്‍ നടന്‍ സല്‍മാന്‍ ഖാനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്.
കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് റാബിയ.
‘ഹിന്ദി സിനിമ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഈ സംഭവം നടക്കുന്നത് 2015ലാണ്. ജിയയുടെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിബിഐ ഓഫീസറെ ഞാന്‍ ലണ്ടനില്‍ വച്ചു കാണാന്‍ ഇടയായി.
അദ്ദേഹം എന്നോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അദ്ദേഹത്തെ എന്നും വിളിക്കാറുണ്ടായിരുന്നു.
സൂരജിന്റെ സിനിമയ്ക്കായി താന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സല്‍മാന്റെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആ ഓഫീസര്‍ നിസ്സഹായനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു’റാബിയ ഖാന്‍ പറഞ്ഞു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.
ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
നടി സെറീന വഹാബിന്റെയും നിര്‍മാതാവും നടനുമായ ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ്.
സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നു എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്.
ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു.
ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായത്’ എന്നായിരുന്നു റാബിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.