മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
– കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
– പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തു മൃഗങ്ങളോട് ഇടപെടുന്പോൾ പേവിഷ ബാധ ഉണ്ടാകുന്നവരിൽ 40 ശതമാനം ആളുകളും 15 വയസിനു താഴെ പ്രായമുള്ളവരാണെന്നു കണക്കുകൾ.
* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക.
* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.
* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക
നായ കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്. നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.
1. ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്.
2. നായ ദേഷ്യപ്പെട്ടിരിക്കുന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.
3. നായ അടുത്തുവരികയാണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
4. പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്റെയോ രക്ഷാകർത്താവിന്റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക. തൊടുന്നതിനു മുന്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.
എല്ലാ നായകൾക്കും പ്രതിരോധ കുത്തിവയ്പ്
പേവിഷ ബാധ അവസാനിപ്പിക്കാൻ എറ്റവും ഉചിതമായ മാർഗം എല്ലാ നായകൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കുക എന്നതാണ്. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കു നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം