കോട്ടയം: ദേശീയ ക്ഷീര വികസന ബോര്‍ഡ്(എന്‍ഡിഡിബി) ന്റെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐഐഎല്‍) ന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) യുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണവകുപ്പും കമ്പാഷന്‍ ഫോര്‍ അനിമല്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (കാവ) നുമായി സഹകരിച്ച് റാബിസ് ഫ്രീ കേരള പദ്ധതി ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു.
പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമാണ് റാബീസ് ഫ്രീ കേരള എന്ന സംരംഭം. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിക്കും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്മാന് ഡോ. മിനേഷ് സി ഷാ, ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ ആനന്ദ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജുകുമാര്‍ എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ വെറ്ററിനറി ഓഫീസര്‍ ഡോ. പി.ആര്. മനോജ് കുമാര്‍, ഡോ. ആരുണ്, ഡോ. സജീവ് കുമാര്‍, ഡോ. മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ
- തെരുവ്നായ്ക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുക.
- പേവിഷബാധയുടെ നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും പ്രത്യേക വാഹനങ്ങളെയും വിന്യസിക്കുക.
- ഗവ. ഏജന്‍സികള്‍, എന്‍ജിഒകള്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ പൊതുസമൂഹം എന്നിവരുടെ സഹകരണത്തിലൂടെ പ്രതിരോധിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക.
- വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള അവബോധ പരിപാടികളിലൂടെ ഉത്തരവാദിത്വമുള്ള നായ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക.
- നായ്ക്കളുടെ കടിയേറ്റവര്‍ക്കുള്ള കൗണ്‍സലിംഗും ചികിത്സാസഹായങ്ങളും ഉറപ്പുവരുത്തുക.
- മൃഗഡോക്ടര്‍മാര്‍, പാരാവെറ്റ്സ്, നായപിടിത്തക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു പ്രത്യേക പ്രവര്‍ത്തന സംഘത്തെ തത്സമയ നിരീക്ഷണത്തിനും ഇടപെടലിനുമായി പ്രത്യേകം സജ്ജീകരിച്ച ഒരു റാബീസ് കണ്ട്രോള് ടാസ്ക് ഫോഴ്സ് വാഹനത്തിന്റെ സഹായത്തോടെ വിന്യസിക്കുക.
- 15 വയസു വരെ പ്രായമുള്ള സ്കൂള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് സ്കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുക.
- നായ്ക്കളുടെ കടിയേറ്റവര്‍ക്കുള്ള കൗണ്‍സിലിംഗ്, പ്രതിരോധ ചികിത്സ പിന്തുണ എന്നിവ നൽകുക.