വളർത്തുമൃഗങ്ങളെ കാണാതെ പോകുന്നത് പുതിയ സംഭവമല്ല. കാണാതെ പോയ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ കണ്ടെത്തി നൽകുന്നവർക്ക് തക്കതായ പരിതോഷികവും ഉടമകൾ നൽകാറുണ്ട്.
ഇപ്പോഴിത കാണാതായ മുയലിനെ കണ്ടെത്തി നൽകുന്നവർക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപ സമ്മാനമായി നൽകുമെന്ന് ഒരു ഉടമ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാണാതായത് സാധാരണ മുയലല്ല എന്നതാണ് ഇതിന് വാർത്ത പ്രാധാന്യം ലഭിക്കാൻ കാരണം.
വലിപ്പം കൊണ്ട് ഗിന്നസ് റിക്കാർഡിൽവരെ ഇടംനേടിയതാണ് ഡാരിയസ് എന്ന പേരുള്ള മുയൽ. മധ്യഇംഗ്ലണ്ടിലെ എന്നറ്റ് എഡ്വാര്ഡ്സ് എന്ന സ്ത്രീയാണ് ഇതിന്റെ ഉടമ.
20 കിലോയോളം ഭാരമുള്ള ഈ മുയലിന് നാലടി നീളമുണ്ട്. ശനിയാഴ്ച രാത്രി സ്റ്റൌൾട്ടണിലെ ഉടമകളുടെ പൂന്തോട്ടത്തിൽ നിന്നാണ് ഡാരിയസിനെ കടത്തിക്കൊണ്ട് പോയത്.
മുയലിനെ കാണാതെയായ ദിവസത്തെ കുറിച്ച് ‘ഇത് വളരെ സങ്കടപ്പെടുത്തുന്ന ദിവസമാണ്’ എന്നും എന്നറ്റ് പറയുന്നു.
‘ആരാണ് ഡാരിയസിനെ കൊണ്ടുപോയതെന്ന് വച്ചാൽ ദയവായി അവനെ തിരികെ കൊണ്ടുവന്ന് തരൂ’ എന്നും ട്വീറ്റിലൂടെ എന്നറ്റ് അപേക്ഷിച്ചിട്ടുണ്ട്.
വളരെ അധികം പ്രായമായി ഡാരിയസിന്. പ്രത്യേക ഭക്ഷണ രീതികളാണ് ഡാരിയസിനുള്ളത്. അതുകൊണ്ട് മോഷ്ടിച്ചവർ ശരിയായി നോക്കിയില്ലെങ്കിൽ മുയൽ ചത്തുപോകുമെന്നും എന്നറ്റ് പറഞ്ഞു.
2010 ഡാരിയസിനെ ഏകദേശം 12 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തിരുന്നു. മാത്രമല്ല മുയലിന്റെ സംരക്ഷണത്തിനായി ഒരു ബോഡി ഗാർഡിനെയും നിയമിച്ചിരുന്നു.
മുൻ മോഡലായ എന്നറ്റ് എഡ്വാര്ഡ്സ് 2004മുതലാണ് മുയലുകളെയും നായകളെയും വളർത്താൻ തുടങ്ങിയത്.
പൊതുപരിപാടികളിൽ ഡാരിയസ് പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം നാൽപതിനായിരത്തോളം രൂപയാണ് ഈടാക്കിയിരുന്നത്. അസൂയക്കാരാണ് തന്റെ മുയലിനെ മോഷ്ടിച്ചതെന്നാണ് എന്നറ്റ് പറയുന്നത്.