ഇരിങ്ങാലക്കുട: ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ബാക്കി.
ഫോർമാലിൻ കലർത്തിയ ചാരായമാണ് ഇവർ കഴിച്ചിരിക്കുന്നതെന്നു വ്യക്തമായതോടെ ഇത് ആരാണ് ഇവർക്കു നൽകിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്.
നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതാകാം എന്നാണു പോലീസ് കരുതുന്നത്.
നിശാന്ത് ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചെങ്കിലും ബിജു തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണു മരിച്ചത്.
ആരോ മദ്യമാണെന്നു പറഞ്ഞു നിശാന്തിനു നൽകിയതാണ് ഞങ്ങൾ ഇരുവരും കഴിച്ചതെന്നു ബിജു പറഞ്ഞതായാണു പുറത്തുവരുന്ന സൂചന.
ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതു കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഇവർ മരണപ്പെട്ടതിനാൽ ഇവരുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാൻ പോലീസ് പരിശോധിക്കുന്നത്.
പല ദിവസങ്ങളിലും വൈകിട്ട് ഇവർ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവർ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതര സംസ്ഥാന തൊഴിലാളികൾ കഴിക്കാറാണു പതിവ്.
എന്നാൽ, കഴിഞ്ഞ ദിവസം ഇവർ കഴിച്ചതിന്റെ ബാക്കി കടയിലെ ജീവനക്കാർ കഴിച്ചിരുന്നില്ല. ഇതുമൂലം കൂടുതൽ പേർ ദുരന്തത്തിനിരയാകുന്നത് ഒഴിവായി.
എന്നാൽ, കടയിലെ ഇതരസംസ്ഥാന തൊഴിലാളികൾ കഴിക്കാതിരുന്നതു പല സംശയങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. പോലീസ് ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.
അപായപ്പെടുത്തുവാൻ ആരെങ്കിലും മനപൂർവ്വം നൽകിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല. നിശാന്തും ബിജുവും മദ്യം കഴിച്ചത് എക്സൈസ് റേഞ്ച് ഓഫീസറുടെ കര്യാലയത്തിനോടു ചേർന്നുള്ള കടമുറിയിലാണ്.
ഇതു നിശാന്തിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സെന്ററാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. ഷാനവാസ് സംഭവസ്ഥലം സന്ദർശിച്ചു.
ഫോറൻസിക് പരിശോധനകൾക്കു ശേഷം മാത്രമേ ഇവർ കഴിച്ചതു വ്യാജമദ്യമാണോ എന്നതു സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എക്സൈസ് മേധാവി അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.