കൊളംബോ: ശ്രീലങ്കയിൽ കാർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ എട്ടു വയസുള്ള പെൺകുട്ടിയാണ്.
21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിംഗ് നടന്നത്.
ഇവിടെ സുരക്ഷാ വേലിയില്ലാത്ത ഒരു സ്ട്രെച്ചിലാണ് അപകടമുണ്ടായത്. കോവിഡ് മഹാമാരിയും ശ്രീലങ്കയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വർഷമായി മുടങ്ങിപ്പോയ കാർ റേസിംഗാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാവർക്കും ഇക്കുറി പ്രവേശനം സൗജന്യമാക്കിയിരുന്നു.