ആലുവ: സഹായാഭ്യർഥനയുമായി വീട്ടിലെത്തി സ്വർണമാല കവർന്ന കേസിൽ യുവതിയും അമ്മയും സഹായിയും അറസ്റ്റിൽ. ആലുവ തോട്ടയ്ക്കാട്ടുകര ഓൾഡ് ദേശം റോഡിൽ താമസിക്കുന്ന ഓമനയുടെ മൂന്നുപവൻ മാലയാണ് മോഷണം പോയത്. മാല കവർന്ന മനയ്ക്കപ്പടി പുളിക്കാപറന്പിൽ രമ്യ (36)യേയും വിൽക്കാൻ സഹായിച്ച അമ്മ രാധ (73), ഇവരുടെ പരിചയക്കാരൻ സുബ്രഹ്മണ്യൻ (52) എന്നിവരെയുമാണ് ആലുവ പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇവർ വില്പന നടത്തിയ മാല പിന്നീട് ആലുവയിലെ ഒരു ജ്വലറിയിൽനിന്നും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പഴയ വസ്ത്രങ്ങളടക്കം സഹായം ചോദിച്ചാണ് രമ്യ ഓമനയുടെ വീട്ടിലെത്തിയത്. മണപ്പുറത്തെ ശിവക്ഷേത്രത്തിലും മറ്റും കണ്ടുപരിചയമുള്ളതിനാൽ രമ്യയെ വീട്ടിൽ കയറാൻ അനുവദിക്കുകയായിരുന്നു. ഓമന പഴയ വസ്ത്രങ്ങൾ തിരയുന്നതിനിടയിലാണ് രമ്യ മാല കവർന്നത്. മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടയുടൻ പോലീസിൽ പരാതി നൽകി. ഓമന പറഞ്ഞ ലക്ഷണങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.