ഇരിട്ടി(കണ്ണൂർ): ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ.രാധയുടെ സഹോദരിയുടെ ഭർത്താവ് ചാക്കാട് സ്വദേശി പി. പി. സജീവ (48) നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ പിടിച്ചുപറി ഉൾപ്പെടെ 15 ഓളം കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ഒന്നും പറയാത്തതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാതെ വിഷമിക്കുകയായിരുന്നു പോലീസ്.
ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ സജീവനെ കസ്റ്റഡിയിൽ എടുത്ത ശേഷം വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തപ്പോൾ സജീവൻ തന്നെയാണ് ആക്രമിച്ചതെന്നും തന്റെയും മകളുടെയും സുരക്ഷ ഓർത്താണ് പേര് പറയാതിരുന്നതെന്നും മൊഴി നൽകി.
അക്രമ കാരണം അറിയില്ല. ബാത്ത് റൂമിൽ പോയി തിരികെ മുറിയിലേക്ക് വരുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മൊഴി തിരുത്തി. ഇതോടെ സജീവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ദുരൂഹത തുടരുന്നതിനിടയില്‍ വീട്ടമ്മയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. താടിയെല്ല് വിട്ട് പോയിതിനാല്‍ ക്ലിപ്പ് ഇടാനാണ് സര്‍ജറി നടത്തിയത്.
ആദ്യം കവര്ച്ചക്കിടയിലാണെന്നും പിന്നീട് മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും വീണതാണെന്നും വ്യത്യസ്ത മൊഴി നല്കിയതിനാൽ അക്രമി രാധക്ക് അറിയാവുന്ന ആളാണെന്നാണ് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നു.
രാധയുടെ സഹോദരിയുടെ മകന് ഓണ്‍ലൈന്‍ വഴി വാങ്ങി സൂക്ഷിച്ച വെയിറ്റ്ബാര് ഉപയോഗിച്ചാണ് അക്രമം എന്നതിനാലും വീടുമായി അടുപ്പമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് ഊഹിച്ചു.
കഴിഞ്ഞ 18 ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, ആറളം പോലിസ് ഇന്‍സ്പെക്ടര്‍ അരുണ്‍ദാസ്, പ്രിന്‍സിപ്പല്‍ എസ്ഐ.ശ്രീജേഷ്, അഡീ. എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.