ഹരിപ്പാട് : സഹോദരന്റെ മൃതദേഹത്തിനരികിൽ കുഴഞ്ഞുവീണ വീട്ടമ്മ ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ബിനീഷ് ഭവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ (64) ആണ് മരിച്ചത്. രാധയുടെ സഹോദരൻ ഗോപി ഇന്നലെ വൈകുന്നേരം 5.30 ഓടെ മരിച്ചിരുന്നു. ഇതറിഞ്ഞ് ഗോപിയുടെ വസതിയിലെത്തിയ രാധയ്ക്ക് ശ്വാസം മുട്ടൽ കലശലാകുകയും തുടർന്ന് മൃതദേഹത്തിനരുകിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.
ബന്ധുക്കൾ ഉടൻ തന്നെ കാറിൽ നങ്യാർകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശിശ്രൂഷകൾ നൽകിയശേഷം കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ 108 ആംബുലൻസ് വിളിക്കുകയും രാധയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
യാത്രയ്ക്കിടെ നങ്യാർകുളങ്ങര ജംഗ്ഷനിലെത്തിയപ്പോൾ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകേണ്ടതെന്ന് ബന്ധുക്കൾ ആംബുലൻസ് ജീവനക്കാരനോട് ആവശ്യപ്പെട്ടു.എന്നാൽ തങ്ങൾക്കു തിരുവനന്തപുരം കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കുവാൻ കഴിയുകയുള്ളുവെന്നും, ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിയമം അനുവദിക്കുന്നില്ലെന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിക്കാമെന്നുമായിരുന്നു ആംബുലൻസ് ജീവനക്കാരുടെ നിലപാട്.
തുടർന്ന് ആംബുലൻസ് റോഡരുകിൽ നിർത്തി വിവരമറിഞ്ഞ് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റും വാഹനത്തിന് ചുറ്റും തടിച്ചുകൂടുകയും തുടർന്ന് രോഗിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഇവിടെ നിന്നും മറ്റൊരു ആംബുലൻസ് വിളിച്ച് കണ്ടിയൂരിലെ സ്വകാര്യ ആംബുലൻസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസിൽ നേരത്തെ രാധയെ സ്വകാര്യ ആശൂപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ജീവൻരക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മക്കൾ : ബിൻസി, ബിനീഷ്, കണ്ണൻ. മരുമക്കൾ : മണിക്കുട്ടൻ, വർഷ തങ്കച്ചി, പ്രസീത.