ചെന്നൈ: നടൻ രാധാരവിയുടെ അധിക്ഷേപ പരാമർശങ്ങൾക്കു മറുപടിയുമായി നടി നയൻതാര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് കൈയടിച്ചവരെ ഓർത്ത് പുച്ഛം തോന്നുന്നുവെന്നും നയൻതാര പറഞ്ഞു. തമിഴ്നാട് ഡബ്ബിംഗ് യൂണിയൻ പ്രസിഡന്റ് കൂടിയായ രാധാരവിക്കു മറുപടിയുമായി വിശദമായ പത്രക്കുറിപ്പ് നയൻതാര പുറത്തുവിട്ടു.
ജൻമം തന്നതു സ്ത്രീയാണെന്നതു പോലും മറന്നാണ് ഇത്തരമാളുകൾ സ്ത്രീകളെ അപമാനിക്കുന്നത്. രാധാരവിയെ പോലുള്ളവർ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളന്പുകയാണ്. ലൈംഗികച്ചുവയുള്ള ഇത്തരം പരാമർശങ്ങൾക്ക് കൈയടിക്കുന്ന കേൾവിക്കാരുള്ളടത്തോളം രാധാരവിയെ പോലുള്ളവർ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപഹസിക്കുന്ന തമാശകളും പറയുന്നതു തുടരും.
രാധാരവിയെ പോലുള്ളവർ ഉയർത്തുന്ന ആരോപണങ്ങൾ തുടർന്നാലും, സീതയായും, പ്രേതമായും, ദേവതയായും സുഹൃത്തായും ഭാര്യയായും കാമുകിയായും താൻ അഭിനയം തുടരുമെന്നും നയൻതാര പറഞ്ഞു.
രാധാരവിക്കെതിരെ നടപടി സ്വീകരിച്ച ഡിഎംകെ തലവൻ സ്റ്റാലിനു നന്ദി അറിയിച്ച താരം, സുപ്രീം കോടതി വിധി പ്രകാരം വിശാഖ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിച്ചുള്ള ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ തയാറാവണമെന്ന ആവശ്യം നടികർ സംഘത്തോട് ഉന്നയിച്ചു.
നയൻതാര പ്രധാനവേഷത്തിൽ എത്തുന്ന കൊലയുതിർ കാലം എന്ന സിനിമയുടെ പ്രചാരണ ചടങ്ങിൽ പങ്കെടുക്കവെയാണ്, സൂപ്പർതാരങ്ങളായ രജനികാന്ത് എംജിആർ തുടങ്ങിയവരുമായി നയൻതാരയെ താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് രാധാരവി അധിക്ഷേപ പരാമർശം നടത്തിയത്. പൊള്ളാച്ചി പീഡനങ്ങളെ നിസാരവത്കരിക്കുന്ന തരത്തിലും അദ്ദേഹം സംസാരിച്ചു.
ഡിഎംകെ നേതാവ് കൂടിയായ രവിയെ ഇതേതുടർന്ന്, പാർട്ടിയിൽനിന്നു സസ്പെൻഡു ചെയ്തിരുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ. അൻപഴകൻ അറിയിച്ചു.